തിരുവനന്തപുരം: കെഎസ്ആർടിസി യൂണിയനുകൾ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തിൽ ബസുകൾ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണൻ. ഗതാഗത മന്ത്രിയുടെ പണിമുടക്കിനെതിരായ പ്രസ്താവന ശരിയായില്ലെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു. കെഎസ്ആർടിസിയിലെ തൊഴിലാളികൾ പണിമുടക്ക് നോട്ടീസ് നൽകിയിട്ടുണ്ടെന്നും കെഎസ്ആർടിസിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിട്ടില്ലെന്നും ടി.പി രാമകൃഷ്ണൻ വ്യക്തമാക്കി. രാഷ്ട്രീയപാർട്ടികളും തൊഴിലാളി സംഘടനകളും മറ്റ് എൻജിഒ യൂണിയനുകളും സംയുക്തമായാണ് നാളെ പണിമുടക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.
തൊഴിലാളികളുടെ നിലപാടിനൊപ്പമാണ് താനെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞതിനെക്കുറിച്ച് തനിക്കറിയില്ലെന്നും എം.എ ബേബി പ്രതികരിച്ചു. ‘സ്വന്തം കൂലി നഷ്ടപ്പെടുത്തിയാണ് തൊഴിലാളികൾ നാളെ പണിമുടക്കിൽ ഭാഗമാകുന്നത്. തൊഴിലാളി സംഘടനകൾ എല്ലാ മേഖലയിലും സമരം വിജയിപ്പിക്കണമെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. ആ നിലപാടിനൊപ്പം ആണ് താനും. തൊഴിലാളി സംഘടനകൾ പണിമുടക്കിലേക്ക് പോകുമ്പോൾ അവർ ചെയ്യേണ്ട കർത്തവ്യങ്ങൾ അവർ നിറവേറ്റും’- എം.എ ബേബി പറഞ്ഞു.