മാള: കലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവത്തിൽ ആക്രമണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ 3 കെഎസ്‍യു നേതാക്കളെ റിമാൻഡ് ചെയ്തു. കെഎസ്‍യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ, സ്റ്റേറ്റ് ട്രഷറർ സച്ചിൻ, സ്റ്റേറ്റ് എക്സിക്യൂട്ടിവ് മെമ്പർ സുദേവ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ആക്രമണത്തിൽ ഉൾപ്പെട്ട കണ്ടാൽ അറിയുന്ന പത്ത് പേർക്കെതിരെ കേസെടുത്തതായാണ് വിവരം. മറ്റുള്ളവർക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ കലോത്സവ വേദിയിൽ മത്സരാർഥികൾക്കെതിരെ സംഘാടകരുടെ ക്രൂരമായ ആക്രമണമാണ് തിങ്കളാഴ്ച നടന്നത്. കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുലിന്റെ നേതൃത്വത്തിൽ ഇരുമ്പ് വടിയടക്കമുള്ള മാരകായുധങ്ങളുമായി എത്തിയ സംഘമാണ് മത്സരാർഥികളെ ആക്രമിച്ചത്. കലോത്സവ വേദിയിൽ നിന്ന് വിദ്യാർഥികളെ സംഘാടകർ തല്ലി ഓടിക്കുകയായിരുന്നു. ഏഴ് മണിക്ക് ആരംഭിക്കേണ്ട നാടക മത്സരം അടക്കമുള്ളവ രാത്രി 12മണി കഴിഞ്ഞിട്ടും തുടങ്ങാത്തതിന്റെ കാരണം അന്വേഷിച്ചതിനു പിന്നാലെയാണ് സംഘാടകർ വിദ്യാർഥികളെ ആക്രമിച്ചത്.
സംഘാടകരുടെ ബാഡ്‌ജ് ധരിച്ചിരുന്ന കെഎസ്‌യു–യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആയുധങ്ങളുമായി സംഘടിച്ചെത്തി വിദ്യാർഥികളെ കലോത്സവ വേദിയിൽ നിന്ന് ആട്ടി ഓടിക്കുകയായിരുന്നു. കേരള വർമ കോളേജിലെ ചെയർപേഴ്‌സൺ ഗോപിക നന്ദനയെ ഗോകുലിന്റെ നേതൃത്വത്തിൽ കസേര എടുത്ത് അടിച്ചു. എസ്‌എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആഷിക്ക് തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഒൻപത് വിദ്യാർഥികളെ പരിക്കുകളോടെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.