കൊച്ചി: കൃത്യനിർവഹണത്തിനിടെ വനിതാ എസ്ഐയെ അപമാനിച്ച ബിജെപി പ്രവർത്തകനെതിരെ കേസെടുക്കാൻ പോലീസ് തയ്യാറാകാത്തത് അവിശ്വസനീയമെന്ന് കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഗൗജ വിജയകുമാരൻ. പോലീസ് സേനയ്ക്കുള്ളിലെ കാവിക്കൂട്ടം സമൂഹത്തിൽ അരക്ഷിതാവസ്ഥ വർധിക്കുന്നതിന് കാരണമാകുന്നത് കണ്ടുനിൽക്കാൻ സാധിക്കുന്നില്ലെന്നും ഇതിൽ എത്രയും വേഗം നടപടി ഉണ്ടായേ തീരൂവെന്നും അവർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. പാലക്കാട് കെഎസ്ആർടിസിയിലെ ശീതീകരിച്ച വിശ്രമ മുറിയുടെയും പുതിയ എസി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ് സർവീസിന്റെയും ഉദ്ഘാടനത്തിനിടെ മന്ത്രി കെ ബി ഗണേഷ് കുമാറിന് നേരെ ബിജെപി പ്രവർത്തകർ കരിങ്കൊടി കാണിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ പോലീസുകാരിക്കുനേരെ ബിജെപി പ്രവർത്തകൻ അപമര്യാദയായി പെരുമാറുന്നത് കാണാമെന്നാണ് ആരോപണം.
വനിത എസ് ഐ ഇതിനെതിരെ പ്രതികരിക്കാതിരിക്കുന്നതിനെതിരെയും ഗൗജ രൂക്ഷവിമർശനമുയർത്തി. പോലീസ് ഡിപ്പാർട്ട്മെന്റ് മുഴുവൻ ഈ നെറികേടിന് കൂട്ടുനിൽക്കുന്നത് സമൂഹത്തിലെ മൊത്തം സ്ത്രീകളെയും അപമാനിക്കുന്നതിന് തുല്യമാണ്. ഇത്തരത്തിൽ ഒരു കുറ്റകൃത്യം നടക്കുകയും അത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിട്ടും യാതൊരുവിധ നടപടിയും ഇല്ലാത്ത പോലീസ് ഡിപ്പാർട്ട്മെന്റ് നൽകുന്ന സന്ദേശം ഭയാനകമാണെന്നും അവർ ആരോപിച്ചു. ബിജെപിയെ കാണുമ്പോൾ മുട്ടു വിറയ്ക്കേണ്ട ആവശ്യം കേരളത്തിലെ പോലീസിന് ഇല്ലെന്ന് ഓർമ്മിപ്പിക്കുന്നുവെന്നും സംഭവത്തിൽ പാലക്കാട് എസ്പിയ്ക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഗൗജ വ്യക്തമാക്കി.