തിരുവനന്തപുരം: അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് മന്ത്രി കെടി ജലീലിനെ ചോദ്യം ചെയ്തിട്ടും മുഖ്യമന്ത്രി അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടാത്തത് സംശയാസ്പദമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ലൈഫ് പദ്ധതിയിലും മറ്റ് സാമ്പത്തിക ക്രമക്കേടുകളിലും ജലീല്‍ മുഖ്യമന്ത്രിയെ സഹായിച്ചിട്ടുണ്ടോയെന്ന സംശയം ന്യായമാണെന്നും അദ്ദേഹം പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സുരേന്ദ്രന്‍. ജലീല്‍ ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയോ എന്ന സംശയം അതീവഗൗരവമായി നിലനില്‍ക്കുകയാണെന്നും കെ സുരേന്ദ്രന്‍ പറയുന്നു.
യുഎഇ കോണ്‍സുലേറ്റുമായി ജലീല്‍ നടത്തിയ ചട്ടലംഘനവും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള അദ്ദേഹത്തിന്റെ വഴിവിട്ട ബന്ധവും എന്‍ഫോഴ്സ്മെന്റിന് മനസിലായിട്ടുണ്ട്. ജലീല്‍ കടത്തിയ ഖുറാന്റെ തൂക്കവും കോണ്‍സുലേറ്റില്‍ നിന്നും വന്ന പാര്‍സലിന്റെ തൂക്കവുമായി വ്യത്യാസമുണ്ടെന്ന് അന്വേഷണ ഏജന്‍സികള്‍ക്ക് ബോധ്യമായിട്ടുണ്ട്.
ജലീല്‍ എന്തുകൊണ്ടാണ് രഹസ്യമായി ചോദ്യം ചെയ്യലിന് വിധേയനായതെന്നും വസ്തുതാപരമായ മറുപടി നല്‍കാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഇങ്ങനെ പ്രതിക്കൂട്ടിലായിട്ടും മുഖ്യമന്ത്രി ജലീലിനെ സംരക്ഷിക്കുന്നത് സര്‍ക്കാരിലെ മറ്റുപലര്‍ക്കും ജലീലുമായി ബന്ധമുള്ളത് കൊണ്ടാണോയെന്ന് അദ്ദേഹം വ്യക്തമാക്കണം. ജലീല്‍ രാജിവെയ്ക്കും വരെ സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം നടത്തും. രാത്രി 9 മണിക്ക് പാര്‍ട്ടി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് മന്ത്രി ജലീലിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല. മന്ത്രിയെ ചോദ്യം ചെയ്ത വിവരം ദില്ലിയിലുള്ള എന്‍ഫോഴ്സ്മെന്റ് മേധാവിയാണ് സ്ഥിരീകരിച്ചിട്ടുള്ളത്. യുഎഇ ഡിപ്ലോമാറ്റിക് ബാഗേജില്‍ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട സംഭവത്തിലാണ് എന്‍ഫോഴ്സ്മെന്റ് മന്ത്രിയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്.
ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടക്ക് കേസിന് പിന്നാലെയാണ് മന്ത്രിക്കെതിരെ ആരോപണങ്ങള്‍ ശക്തമാകുന്നത്. വിദേശത്ത് നിന്ന് ഡിപ്ലോമാറ്റിക് ബാഗേജില്‍ കൊണ്ടുവന്ന 32 പെട്ടികളില്‍ 30 എണ്ണം മലപ്പുറത്തേയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഇതില്‍ രണ്ടെണ്ണം സിആപ്റ്റില്‍ കൊണ്ടുവന്ന് പൊട്ടിച്ചിരുന്നു. ഇതോടെ ഇത് കേന്ദ്രീകരിച്ച് നേരത്തെ കസ്റ്റംസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന് പുറമേ സ്വപ്ന സുരേഷുമായുള്ള ബന്ധത്തെക്കുറിച്ചുമാണ് എന്‍ഫോഴ്സ്മെന്റ് ചോദിച്ചറിഞ്ഞത്.