ശ്രീനഗര്‍ : പാക് അധീന കശ്മീര്‍ ആസാദ് കശ്മീര്‍ എന്നറിയപ്പെട്ടിരുന്നുവെന്ന കെ.ടി ജലീലിന്‍റെ പരാമര്‍ശം വന്‍ വിവാദമാകുന്നു. ഇതിന് പുറമേ കശ്മീരിനെ ഇന്ത്യന്‍ അധീന കശ്മീരെന്നും ജലീല്‍ വിശേഷിപ്പിക്കുന്നുണ്ട്. വിഷയത്തില്‍ ജലീലിനെതിരെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. കെ.ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;- കശ്മീരിന്‍റെ എല്ലായിടത്തും പട്ടാളക്കാരെയാണ് കാണാന്‍ കഴിയുക. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി കശ്മീരിന്‍റെ നിറം പട്ടാളപ്പച്ചയാണ്.
കശ്മീരി ജനത സന്തുഷ്ടരല്ല. ചിരിക്കാന്‍ മറന്ന ഒരു ജനതയാണ് കശ്മീരില്‍ ഉള്ളത്. രാഷ്ട്രീയ നേതാക്കള്‍ വീട്ടു തടങ്കലിലാണ്. കശ്മീരിനെ കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചതില്‍ ജനങ്ങള്‍ക്ക് ഇപ്പോഴും അതൃപ്തിയുണ്ട്. ഇത് മാറാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കണം. വിഭജന കാലത്ത് നല്‍കിയ സ്വതന്ത്ര പദവി സമ്മതം കൂടാതെ എടുത്തു മാറ്റിയതില്‍ കശ്മീര്‍ ജനതയ്ക്ക് ദു:ഖമുണ്ട്. എന്നാല്‍ സ്വസ്ഥത തകര്‍ക്കാന്‍ അവര്‍ക്ക് ഇഷ്ടമല്ല. വിഭജന കാലത്ത് പാകിസ്ഥാനൊപ്പം ചേര്‍ക്കപ്പെട്ട ഭാഗം ആസാദ് കശ്മീര്‍ എന്നാണ് അറിയപ്പെട്ടത്. സിയാഉല്‍ ഹഖ് പാക് പ്രസിഡന്റായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്‍റെ പൊതു സൈന്യമായി മാറി.