ഓസ്ട്രിയൻ മോട്ടോർസൈക്കിൾ നിർമ്മാതാക്കളായ കെടിഎം തങ്ങളുടെ കരുത്തൻ ബൈക്കുകളിലൊന്നായ കെടിഎം 390 ഡ്യൂക്ക് (KTM 390 Duke) പുതിയ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. പഴയ മോഡലിൽ നിന്നും നിരവധി മാറ്റങ്ങളോടെയാണ് 390 ഡ്യൂക്കിന്റെ 2024 പതിപ്പ് രാജ്യത്തെത്തിയത്. നേരത്തെ തന്നെ മറ്റ് വിപണികളിൽ ഈ ബൈക്ക് പുറത്തിറക്കിയിരുന്നു. 3.11 ലക്ഷം രൂപ മുതൽ എക്സ് ഷോറൂം വിലയുമായിട്ടാണ് പുതിയ കെടിഎം 390 ഡ്യൂക്ക് വരുന്നത്. ഇത് പഴയ മോഡലിനേക്കാൾ 13,000 രൂപ കൂടുതലാണ്. പുതിയ കെടിഎം 390 ഡ്യൂക്ക് മോട്ടോർസൈക്കിളിന്റെ ബുക്കിങ് കമ്പനി ഔദ്യോഗിക വെബ്‌സൈറ്റിലും ഡീലർഷിപ്പുകളിലും ആരംഭിച്ചു. 4499 രൂപയാണ് ബൈക്ക് ബുക്ക് ചെയ്യാനായി നൽകേണ്ടത്. ബൈക്കിന്റെ ഡെലിവറികൾ വൈകാതെ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. പുതുക്കിയ ഡിസൈനും ഏറ്റവും നവീനമായ സാങ്കേതികവിദ്യകളുമായിട്ടാണ് പുതിയ കെടിഎം 390 ഡ്യൂക്ക് വരുന്നത്. പെർഫോമൻസിന്റെ കാര്യത്തിലും പുതിയ മോഡലിൽ മെച്ചപ്പെടുത്തലുകൾ ഉണ്ട്.
കെടിഎം 390 ഡ്യൂക്ക് മോട്ടോർസൈക്കിളിന്റെ മൊത്തത്തിലുള്ള ഡിസൈനിനെ തന്നെ കമ്പനി പുതുക്കിയിട്ടുണ്ട്. മുമ്പത്തേക്കാൾ വിശാലമായി കാണുന്ന ഒരു എൽഇഡി ഹെഡ്‌ലൈറ്റ് യൂണിറ്റാണ് ബൈക്കിൽ ഇപ്പോഴുള്ളത്. ബൂമറാംഗ് ആകൃതിയിലുള്ള ഡിആർഎൽ ലൈറ്റുകളും ഈ വാഹനത്തിലുണ്ട്.ഇത് പഴയ മോഡലിനെക്കാൾ നീണ്ടുകിടക്കുന്ന രീതിയിലാണ് നൽകിയിട്ടുള്ളത്. ടാങ്ക് ഡിസൈനിലും കെടിഎം മാറ്റം വരുത്തിയിട്ടുണ്ട്. 2024 മോഡൽ കെടിഎം 390 ഡ്യൂക്ക് മോട്ടോർസൈക്കിൾ നിലവിലെ തലമുറ മോഡലിനെക്കാൾ മസ്കുലറായ ലുക്കുമായിട്ടാണ് വരുന്നത്. വാഹനത്തിൽ പുതിയ സ്പ്ലിറ്റ് സീറ്റ് സെറ്റപ്പും നൽകിയിട്ടുണ്ട്. ഇത് പിൻഭാഗത്തെ സബ്ഫ്രെയിം ഓപ്പൺ ആയി കിടക്കുന്ന രീതിയിലാണ് നൽകിയിട്ടുള്ളത്.
മൊത്തത്തിൽ. 2024 കെടിഎം 390 ഡ്യൂക്ക് മോട്ടോർസൈക്കിൾ 2023 മോഡലിനേക്കാൾ വലുതായി അനുഭവപ്പെടുന്നു. ഡിസൈൻ കൂടുതൽ ഷാർപ്പും അഗ്രസീവുമാണ്. പുതിയ കെടിഎം 390 ഡ്യൂക്ക് മോഡലിൽ 399 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് നൽകിയിട്ടുള്ളത്. ഇത് പഴയ മോഡലിലുള്ള എഞ്ചിൻ തന്നെയാണ്. ഈ എഞ്ചിൻ 44.25 ബിഎച്ച്പി കരുത്തും 39 എൻഎം ടോർക്കും ഉത്പാദിപ്പിച്ചിട്ടുണ്ട്. 6 സ്പീഡ് ഗിയർബോക്സുമായിട്ടാണ് ഈ ബൈക്ക് വരുന്നത്. സ്ലിപ്പർ ക്ലച്ചും ക്വിക്ക്ഷിഫ്റ്ററും ബൈക്കിൽ നൽകിയിട്ടുണ്ട്. അറ്റ്ലാന്റിക് ബ്ലൂ, ഇലക്ട്രോണിക് ഓറഞ്ച് മെറ്റാലിക് എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ബൈക്ക് ലഭ്യമാകുന്നത്.