കൊച്ചി : കേരള സാങ്കേതിക സർവകലാശാല (കെ. ടി.യു) വിദ്യാർത്ഥികളുടെ സുരക്ഷയെ ഗൗനിക്കാതെ സെപ്റ്റംബർ 9-ന് പരീക്ഷകൾ നടത്താനിരിക്കെ പ്രതിഷേധവുമായി വിദ്യാർത്ഥികള്‍.
കോവിഡ് സമൂഹവ്യാപനം കൂടി വരുന്ന അവസ്ഥയില്‍ ഓഫ്-ലൈൻ പരീക്ഷ പ്രായോഗികമല്ലെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും ആരോഗ്യ പ്രവർത്തകർക്കും മറ്റു ജീവനക്കാർക്കും കോവിഡ് റിപ്പോർട്ട് ചെയ്യുമ്പോൾ എന്ത് ഉറപ്പിലാണ് സർവകലാശാല വിദ്യാർഥികളെ പരീക്ഷയുടെ പേരില്‍ കോളേജിലേക്ക് വിളിച്ചു വരുത്തുന്നതെന്നും വിദ്യാര്‍ധികള്‍ ചോദിക്കുന്നു.
കൂടാതെ അന്യസംസ്ഥാനത്തു നിൽക്കുന്ന വിദ്യാർത്ഥികളിൽ പ്ലേസ്മെന്റ് കിട്ടിയ വിദ്യാർത്ഥികളുമുണ്ട്. അവര്‍ കേരളത്തില്‍ വന്നാൽ 28 ദിവസത്തെ ക്വാറന്റൈൻ കഴിഞ്ഞു പരീക്ഷ എഴുതാൻ പറ്റുന്നതല്ല. അതിനാൽ യൂണിവേഴ്സിറ്റി വെച്ചിരിക്കുന്ന നോട്ടിഫിക്കേഷൻ പ്രകാരം അടുത്ത ചാൻസിൽ പരീക്ഷ എഴുതാം എന്നാണ് പറഞ്ഞിരിക്കുന്നത്. കോവിഡ് മൂലം അന്യസംസ്ഥാനത്തു കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളുടെ പ്ലേസ്മെന്റ് നഷ്ടപ്പെടാനും സാധ്യതയുണ്ട്.
പരീക്ഷ മാറ്റിവെക്കണമെന്ന് ഇവര്‍ പറയുന്നില്ല, പരീക്ഷാ നടത്തിപ്പില്‍ മാത്രമേ അഭിപ്രായ വ്യത്യാസം ഉള്ളു. ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക സർവകലാശാലകളിൽ ഒന്നായ കുസ്സാറ്റ് പോലും പരീക്ഷകള്‍ നടത്തുന്നത് ഓൺലൈൻ ആയിട്ടാണ്. ഈ രീതി പിന്തുടരുവാന്‍ കേരള സാങ്കേതിക സർവകലാശാലയും (കെ. ടി.യു) തയ്യാറാകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.