കോട്ടയം : കുറവിലങ്ങാട് മരങ്ങാട്ട് പള്ളിയില്‍ ബൈക്കില്‍ ടാങ്കര്‍ ലോറി ഇടിച്ച് വീട്ടമ്മ മരിച്ചു. രണ്ട് കാറുകള്‍ക്കും ലോറിക്കും ഇടയില്‍ കുടുങ്ങിയ ബൈക്ക് യാത്രക്കാരി അതിദാരുണമായി മരിക്കുകയായിരുന്നു. കുറവിലങ്ങാട് പകലോമറ്റം സ്വദേശിനി സോഫി (50) ആണ് മരിച്ചത്. മുന്നില്‍ പോയ കാര്‍ ഇന്‍ഡിക്കേറ്റര്‍ ഇടാതെ വലത്തേയ്ക്ക് തിരിഞ്ഞതിനെ തുടര്‍ന്ന് ബൈക്ക് രണ്ട് കാറുകള്‍ക്കും ടാങ്കര്‍ ലോറിയ്ക്കും ഇടയില്‍ കുടുങ്ങുകയായിരുന്നെന്ന് സി.സി.ടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി.
രണ്ട് കാറുകള്‍ക്കും ടാങ്കറിനും ഇടയില്‍ കുടുങ്ങിയാണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. ഒപ്പം ഉണ്ടായിരുന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് ഓടിച്ചിരുന്ന അരുവിക്കുഴി തകിടിയില്‍ ജിമ്മിയെ (27) തലയ്ക്കും കാലിനും ഗുരുതരമായ പരിക്കുകളോടെ മാര്‍സ്ളീവാ മെഡിസിറ്റിയില്‍ പ്രവേശിച്ചു. മരങ്ങാട്ടുപള്ളി – പാലാ റോഡില്‍ ഇന്നു രാവിലെ 8.45 നായിരുന്നു അപകടം. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു സോഫിയും ജിമ്മിയും. ഈ സമയം ഇവരുടെ മുന്നില്‍ പോയ കാര്‍ പെട്ടെന്നു സിഗ്നല്‍ നല്‍കാതെ വലത്തേയ്ക്ക് തിരിയുകയായിരുന്നു.
ഈ കാര്‍ വലത്തേയ്ക്ക് തിരിക്കുന്ന കണ്ട് എതിര്‍ ദിശയില്‍ നിന്ന് എത്തിയ കാറും വെട്ടിച്ചു. ഈ രണ്ട് കാറുകള്‍ക്കിടയില്‍ കുടുങ്ങിയ ബൈക്ക് ബ്രേക്ക് ചെയ്തതോടെ പിന്നില്‍ നിന്ന് എത്തിയ ടാങ്കര്‍ ലോറി ബൈക്കില്‍ ഇടിച്ചു. ബൈക്കില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ടാങ്കര്‍ ഇവരുടെ ബൈക്കിനെ റോഡിലൂടെ വലിച്ച് നീക്കി രണ്ട് കാറുകളിലും ഇടിച്ചാണ് നിന്നത്. മൂന്ന് വാഹനങ്ങള്‍ക്കിടയില്‍ ഞരുങ്ങിയ അവസ്ഥയിലായിരുന്നു ബൈക്ക്. ഇടിയുടെ ആഘാതത്തില്‍ ഇവരുടെ ശരീരത്തിലൂടെ ടാങ്കര്‍ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് മരങ്ങാട്ടുപള്ളി പാലാ റോഡില്‍ ഗതാഗത തടസവും ഉണ്ടായി. സംഭവം അറിഞ്ഞ് മരങ്ങാട്ടുപള്ളി പോലീസ് സ്ഥലത്ത് എത്തി.