റാന്നി: കൂടക്കാവിൽ കുടുംബവീട് സുരേഷ് ഗോപി സന്ദർശിച്ചു. പന്തളത്തു നിന്ന് ശബരിമലയിലേക്ക് പോകുന്ന തിരുവാഭരണ ഘോഷയാത്രയിൽ തിരുവാഭരണ പേടകങ്ങൾ ഇറക്കി വെയ്ക്കുന്ന പെരുനാട് കൂടക്കാവിൽ കുടുംബവീടാണ് സുരേഷ് ഗോപി സന്ദർശിച്ചത്. പന്തളം രാജാവ് പെരുനാട്ടിൽ നിന്നുകൊണ്ടാണ് ശബരിമല ക്ഷേത്രം പണിതത്. രാജാവിന്റെ കൂടെ ക്ഷേത്രം പണിക്ക് കാവൽ നിന്നിട്ടുള്ളവരാണ് കൂടക്കാവിൽക്കാർ എന്നാണ് വിശ്വാസം.
ഈ കുടുംബത്തിൽ ആചാരപരമായി തന്നെ തിരുവാഭരണങ്ങൾ ഇറക്കിവെക്കുകയും കുടുംബത്തിന്റെ വഴിപാടുകൾ സ്വീകരിച്ചതിനു ശേഷമാണ് തിരുവാഭരണ ഘോഷയാത്ര പെരുനാട് കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുന്നത്. കൂടാതെ ശബരിമലയിൽ അയ്യപ്പനു ചാർത്തിയ തിരുവാഭരണങ്ങൾ മടങ്ങിവരുന്ന വേളയിൽ കക്കാട്ട് കോയിക്കൽ ക്ഷേത്രത്തിൽ തിരുവാഭരണം ചാർത്ത് മഹോത്സവത്തോടനുബന്ധിച്ച് വൈകീട്ട് ദീപാരാധനക്ക് മുൻപായി എതിരേല്പ് ഷോഷയാത്ര ഇവിടെ എത്തി സ്വീകരണം ഏറ്റുവാങ്ങുന്ന പതിവ് നടന്നു വരുന്നു.
2018 വെള്ളപ്പൊക്കത്തിൽ വെള്ളം കയറി ഈ കുടുംബ വീട് താമസ യോഗ്യമല്ലാത്ത അവസ്ഥയിലായി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം വീട് സംരക്ഷിക്കാൻ കുടുംബത്തിന് ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. ഇതു കാരണം വിൽപ്പനയ്ക്ക് ബോർഡും വെച്ചിട്ടുണ്ട്.ആചാരങ്ങൾ സംരക്ഷിക്കാനും വീടിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്തു.അയ്യപ്പ ഭാഗവത മഹാസത്രത്തിന്റെ രക്ഷാധികാരിയായ അദ്ദേഹം മണികണ്ഠ സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വടശ്ശേരിക്കര ചെറുകാവ് ദേവീ ക്ഷേത്രത്തിൽ എത്തിയപ്പോഴാണ് പെരുനാട്ടിലെ കൂടക്കാവ് കുടുംബ വീട് സന്ദർശിച്ചത്.