കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി ആത്മഹത്യാശ്രമം നടത്തി. ജയിലില്‍ വച്ച് കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. നിലവില്‍ ജോളിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്ലയിഡ് ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചതെന്നാണ് പ്രാഥമിക വിവരം. അതേ സമയം കുപ്പിച്ചില്ലുകൊണ്ടാണ് ഞരമ്പ് മുറിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരുന്നു ജോളിയുടെ ആത്മഹത്യാശ്രമം.
ജോളിക്ക് ഒപ്പമുണ്ടായിരുന്ന മറ്റ് ജയില്‍പ്പുള്ളികളാണ് ആത്മഹത്യാ ശ്രമത്തെക്കുറിച്ച് അധികൃതരെ അറിയിച്ചത്. ജയിലിനുള്ളില്‍ ജോളിക്ക് ബ്ലയിഡ് ലഭിച്ചതെങ്ങനെയെന്നതിനെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതിക്ക് ബ്ലയിഡ് പോലുള്ള ഒരു ആയുധം ലഭിച്ചത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ്. ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ജോളിക്ക് ലഭിച്ചതായാണ് വിലയിരുത്തല്‍. രക്തം വാര്‍ന്നുപോയെങ്കിലും ജോളിയുടെ പരിക്ക് ഗുരുതരമല്ല. അതേസമയം ജോളി സ്വയം കൈയ്യില്‍ കടിച്ച് മുറിവേൽപ്പിച്ചതാണെന്നും ആയുധങ്ങളൊന്നും കണ്ടെത്തിയില്ലെന്നുമാണ് കോഴിക്കോട് ജില്ലാ ജയിൽ സൂപ്രണ്ട് ജയകുമാർ പറയുന്നത്.