കാസർകോഡ്: വിഷുക്കൈനീട്ടമായി സ്നേഹ വീടൊരുക്കി നൽകി കുടുംബശ്രീ സിഡിഎസ്. കാസർകോഡ് അജാനൂർ പഞ്ചായത്ത് സിഡിഎസിൻ്റ നേതൃത്വത്തിലാണ് വീടൊരുക്കിയത്. ചാമുണ്ഡിക്കുന്നിലെ നളിനി– ദേജുനായിക് ദമ്പതികൾക്ക് ഈ വിഷുക്കാലം സ്വപ്ന സാഫല്യത്തിൻ്റേതാണ്. മഴയും വെയിലുമേൽക്കാതെ കഴിയാനൊരു വീട് വേണമെന്ന കാലങ്ങളായുള്ള ആഗ്രഹം പൂവണിഞ്ഞു. ചാമുണ്ഡിക്കുന്ന് റെയിൽവേ ലൈനിന് സമീപം തകർന്ന കൊച്ചു കൂരയിലായിരുന്നു ഇവരുടെ താമസം. വീടില്ലാത്ത ദുരിതം കണ്ടറിഞ്ഞ് അജാനൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സി.ഡി.എസ് വീട് നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. സ്നേഹതണലിൻ്റെ താക്കോൽദാനം എം.രാജഗോപാലൻ എം എൽ എ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. ആറുമാസം കൊണ്ട് ആറുലക്ഷത്തിയമ്പതിനായിരം രൂപ ചെലവിലാണ് രണ്ടു മുറികളും സ്വീകരണമുറിയും അടുക്കളയും ശുചിമുറിയുമുള്ള വീടിൻ്റെ നിർമാണം പൂർത്തിയാക്കിയത്. അജാനൂർ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ മോഡൽ സി ഡി എസ് വിവിധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്നതിനൊപ്പം കാരുണ്യ പ്രവർത്തനത്തിലും സജീവമാണ്. 2024 ൽ സി.ഡി.എസിന്റെ കീഴിൽ ആരംഭിച്ച സ്നേഹ ഭവനം പദ്ധതിയിലൂടെ നിർമിച്ചു നൽകുന്ന ആദ്യ വീടാണിത്. പഞ്ചായത്തിലെ കുടുംബശ്രീ യൂണിറ്റുകൾ വഴി വിവിധ പ്രവർത്തനങ്ങളിലൂടെയാണ് പദ്ധതിക്കാവശ്യമായ ഫണ്ട് കണ്ടെത്തിയത്.