തിരുവല്ല: കൈപ്പുണ്യത്തിന്റെ രുചിക്കൂട്ടൊരുക്കി കുടുംബശ്രീ ജില്ലാതല വിപണന മേളക്ക് തുടക്കമായി. വൈവിദ്ധ്യമാർന്ന തനത് ഉൽപ്പന്നങ്ങളുമായി തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് എതിർവശത്തുള്ള വില്ലേജ് സൂക്ക് കുടുംബശ്രീ ബസാറിൽ ആണ് പത്തനംതിട്ട കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ജില്ലാതല ഓണം വിപണന മേള ആരംഭിച്ചത്. സെപ്റ്റംബർ 3 മുതൽ 6 വരെ നീണ്ടു നിൽക്കുന്ന ഉത്പന്ന വിപണമേളയുടെ ഉദ്ഘാടനം മാത്യു ടി തോമസ് നിർവഹിച്ചു. ഈ ഓണക്കാലത്തു തനിമയും ഗുണമേന്മയുമുള്ള കുടുംബശ്രീ ഉൽപ്പന്നങ്ങൾ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെയാണ് കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ഓണം മേള സംഘടിപ്പിച്ചിരിക്കുന്നത്.
ജില്ലാതല മേളയോടൊപ്പം എല്ലാ പഞ്ചായത്ത് നഗരസഭകളിലും കുടുംബശ്രീയുടെ നേതൃത്വത്തിൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. തിരുവല്ല താലൂക്കിലെ കുടുംബശ്രീ സിഡിഎസ്സുകളിലെ വിവിധ സംരംഭക യൂണിറ്റുകളിൽ ഉത്പാധിപ്പിച്ച എല്ലാത്തരം ഉത്പന്നങ്ങളും കുടുംബശ്രീ മേളയിൽ ലഭ്യമാണ്. നാടൻ വെളിച്ചെണ്ണയിൽ തയ്യാറാക്കുന്ന രുചിയേറും ഉപ്പേരി ഉണ്ടാക്കുന്നത് നേരിൽ കണ്ടു വാങ്ങാൻ സാധിക്കുന്ന രീതിയിൽ പ്രത്യേക കൗണ്ടറും ക്രമീകരിച്ചിട്ടുണ്ട്.
ഓണം കെങ്കേമമാക്കാനുള്ള എല്ലാ വിഭവങ്ങളും കുടുംബശ്രീ ഒരുക്കിയിട്ടുണ്ട്. ആവശ്യക്കാർക്ക് വിവിധ ഇനം അച്ചാറുകൾ, പുളി ഇഞ്ചി, ചിപ്സുകൾ, ശർക്കര വരട്ടി, കളിയോടക്ക, വിവിധങ്ങളായ പലഹാരങ്ങൾ, പപ്പടം, കൊണ്ടാട്ടങ്ങൾ, നാടൻ പുളി, ധാന്യ പൊടികൾ, വെളിച്ചെണ്ണ, തുണിത്തരങ്ങൾ, വിവിധ ഇനം പായസങ്ങൾ, സോപ്പ് ഉൽപ്പന്നങ്ങൾ,നാടൻ പച്ചക്കറികൾ, ഏത്തക്കുലകൾ, വിവിധ ഇനം വിത്തുകൾ, പൂച്ചെടികൾ, കത്തികൾ, തുണികൾ എന്നിവ മേളയിൽ നിന്നും ലഭ്യമാണ്.