പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്‍ ജില്ലയിലെ വിജിലന്റ് ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തുന്നതിനായി ഒക്ടോബര്‍ 11 വരെ ഏക്ത 2021 എന്ന പേരില്‍ വിജിലന്റ് ഗ്രൂപ്പ് വാരാചരണം സംഘടിപ്പിക്കും. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.
കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ എ.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. ജെന്‍ഡര്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ പി.ആര്‍ അനുപ സ്വാഗതമാശംസിച്ചു. സമൂഹത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അതിക്രമങ്ങള്‍ തടയുന്നതിനും ശിശുസൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കുന്നതിനും കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വിജിലന്റ് ഗ്രൂപ്പുകള്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ കാഴ്ചവെയ്ക്കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങളുടെ ജാഗ്രതാ സമിതിയുമായി സംയോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്താന്‍ സാധിച്ചാല്‍ സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗം, ഇതര അതിക്രമങ്ങള്‍ എന്നിവ തടയുന്നതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുടുംബശ്രീ സ്റ്റേറ്റ് ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ വി. സിന്ധു മുഖ്യപ്രഭാഷണം നടത്തി. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീശാക്തീകരണവും ലക്ഷ്യംവച്ച് പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ പ്രസ്ഥാനത്തിന് സ്ത്രീശാക്തീകരണ മേഖലയില്‍ ബഹുദൂരം മുന്നിലേക്ക് എത്താന്‍ സാധിച്ചിട്ടുണ്ടെന്ന് വി. സിന്ധു പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷമായി വിജിലന്റ് ഗ്രൂപ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി നിരവധി പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ജില്ലയില്‍ തന്നെ മാതൃകാപരമായ വിവിധ പ്രവര്‍ത്തനങ്ങള്‍ ഈയൊരു വര്‍ഷത്തിനിടയില്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ചെയ്തിട്ടുണ്ടെന്നത് പ്രശംസനീയമാണെന്ന് പറഞ്ഞു.
കുട്ടികളുടെ മാനസിക സാമൂഹിക സംരക്ഷണവും കോവിഡ് കാലത്തെ വെല്ലുവിളികളും എന്ന വിഷയത്തില്‍ നിള ഫൗണ്ടേഷന്‍ സ്ഥാപകയും സോഷ്യല്‍ കോച്ചുമായ എസ്.സലീനാബീവി വിഷയാവതരണം നടത്തി.
സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍, കുറ്റവാസനകള്‍ എന്നിവക്കെതിരെ കൃത്യമായ ഇടപെടല്‍ നടുത്തുന്നതിനും നിയന്ത്രിക്കുന്നതിനും കുടുംബശ്രീക്ക് വളരെ വലിയ പങ്കുവഹിക്കാന്‍ കഴിയുമെന്നും വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ എന്ന നിലയില്‍ നിഷ്പക്ഷമായും ജെന്‍ഡര്‍ കാഴ്ചപ്പാടോടുകൂടിയും ഓരോ പ്രശ്നത്തിനും പരിഹാരം നിര്‍ദേശിക്കാന്‍ കഴിയണമെന്നും എസ്.സലീനാബീവി പറഞ്ഞു.
സമൂഹത്തില്‍ ഇന്ന് സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങിയ എല്ലാ വിഭാഗം ആളുകളും അനുഭവിക്കുന്ന വിവിധ തലത്തിലുള്ള പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയും അവയെ എങ്ങനെ ഉചിതമായി പരിഹരിക്കാം എന്നതിനെക്കുറിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഭൂരിഭാഗം കുട്ടികളും ലഹരിമരുന്ന്, പ്രണയം എന്നിവയില്‍ അകപ്പെടുന്നതിന്റെ പ്രധാന കാരണം കുടുംബത്തിനുള്ളില്‍ നിന്നും പ്രധാനമായും മാതാപിതാക്കളില്‍ നിന്ന് മതിയായ പിന്തുണയോ സ്നേഹമോ ലഭിക്കാത്തത് ആണെന്ന് എസ്.സലീനാബീവി പറഞ്ഞു.
പഠന കാലയളവ് മുതല്‍ക്കേ തന്നെ കുട്ടികള്‍ക്ക് സാമൂഹിക പ്രതിബദ്ധത ഉളവാക്കുന്ന തലത്തിലുള്ള സാഹചര്യങ്ങളും പരിശീലനങ്ങളും നല്‍കാന്‍ കഴിഞ്ഞാല്‍ ഒരു പരിധിവരെ ശരിയായ ദിശയിലേക്ക് നടത്തുന്നതിന് സാധിക്കുമെന്നും അവര്‍ പറഞ്ഞു.
വാര്‍ഡ് മെമ്പര്‍മാര്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍മാര്‍, അക്കൗണ്ടന്റ്മാര്‍, ജില്ലാ മിഷന്‍ ഉദ്യോഗസ്ഥര്‍, വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 350 ല്‍ അധികം പേര്‍ പങ്കെടുത്തു. പ്രോഗ്രാമിന് സ്നേഹിതാ കൗണ്‍സിലര്‍ ജിജി. പി ജോയി കൃതജ്ഞത അറിയിച്ചു.
ഒക്ടോബര്‍ 5 ന് ജില്ലയിലെ എല്ലാ സിഡിഎസ് കളിലും വാര്‍ഡ് തല വിജിലന്റ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ യോഗങ്ങള്‍, 6 ന് സിഡിഎസ് തലത്തില്‍ വിജിലന്റ് ഗ്രൂപ്പ് പ്രതിനിധികളുടെയും വിവിധ വകുപ്പ് പ്രതിനിധികളുടെയും കണ്‍വര്‍ജെന്‍സ് യോഗങ്ങള്‍ 7, 8 തീയതികളില്‍ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളുടെ നേതൃത്വത്തില്‍ പൊതുഇടങ്ങളില്‍ പോസ്റ്റര്‍ പതിക്കല്‍, 9 ന് ജില്ലയിലെ വിജിലന്റ് ഗ്രൂപ്പ് പ്രവര്‍ത്തനം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ വീഡിയോ പ്രചാരണം, 11ന് മനസികാരോഗ്യം എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ പരിശീലനം, വാരാചരണ സമാപനം എന്നിവയാണ് കുടുംബശ്രീ ജില്ലാ മിഷന്‍ ഏക് ത 2021 അനുബന്ധിച്ച് ജില്ലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നത്.
ജില്ലയിലെ വിജിലന്റ് ഗ്രൂപ്പ് അംഗങ്ങളെ ശക്തിപ്പെടുത്തുക വഴി തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സ്ത്രീ ശിശു സൗഹൃദ ഇടങ്ങളാക്കി മാറ്റുക, സ്ത്രീകള്‍ കുട്ടികള്‍ വയോജനങ്ങള്‍ ഉള്‍പ്പെടെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് പിന്തുണ ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യംവെയ്ക്കുന്നത്.
ജില്ലയിലെ ജെന്‍ഡര്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ് ഡെസ്‌ക്, ജെന്‍ഡര്‍ റിസോഴ്സ് സെന്ററുകള്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ മുഖേനയാണ് വിജിലന്റ് ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്.