ചുരച്ചദ്പൂർ: സ്വന്തം ഗ്രാമങ്ങളിൽനിന്ന് ആട്ടിയിറക്കപ്പെട്ട അമ്പതിനായിരത്തോളം കുക്കികളും മെയ്തികളും രണ്ടു മാസമായി വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. മെയ്തി ഭൂരിപക്ഷപ്രദേശമായ ഇംഫാലിൽ ഒരു കുക്കി സമുദായക്കാരൻ പോലും ഇപ്പോൾ അവശേഷിക്കുന്നില്ല. ബോക്‌സർ താരം മേരികോം ഉൾപ്പെടെയുള്ളവർ ഇന്നിവിടെയില്ല. നിരവധി വീടുകളും സ്‌കൂളുകളും ആരാധനാലയങ്ങളും കത്തിച്ചു. ചുരാചന്ദപുർ, കാങ്പോക്പി തുടങ്ങി കുക്കി ഭൂരിപക്ഷ പ്രദേശമായ മലയോരത്ത് മെയ്തി കുടുംബങ്ങളുമില്ല. അവരുടെ ഗ്രാമങ്ങളും കത്തിച്ചാമ്പലാക്കി.
ഇംഫാലിൽ നിന്ന് ഹെലികോപ്റ്റർ മാർഗമാണ് കുക്കികൾ മാത്രം താമസിക്കുന്ന ചുരാച്ചന്ദ്പൂരിൽ മീഡിയവൺ സംഘം എത്തിയത്. മലകളും സമതലങ്ങളും നിറഞ്ഞ അതിമനോഹര നാട് അത്രത്തോളം അപകടകരമായിരിക്കുകയാണ്. ജനങ്ങൾ പരസ്പരം പോരാടിച്ച് ജീവനുകൾ കവരുന്ന മണ്ണായി മാറിയിരിക്കുകയാണ്. ജനസംഖ്യയുടെ 53 ശതമാനം വരുന്ന മെയ്തിവിഭാഗം കൂടുതലും താമസിക്കുന്നത് ഇംഫാൽ താഴ്വരയിലാണ്. കുക്കികളും നാഗകളും മുസ്ലിംകളുമടക്കമുള്ള 40 ശതമാനം പേർ മലയോര ജില്ലകളിലും താമസിക്കുന്നു.