കൊല്ലം : കൊട്ടാരക്കര കുളക്കടയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിഞ്ഞ മൂന്ന് വയസ്സുകാരി ശ്രീകുട്ടിയും മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരവേയാണ് ഇന്ന് പുലര്‍ച്ചെ മരണപെട്ടത്. വാഹനാപകടത്തില്‍ മാതാപിതാക്കളായ ബിനീഷ് കൃഷ്ണന്‍, അഞ്ചു എന്നിവര്‍ മരിക്കുകയും ശ്രീകുട്ടിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. എംസി റോഡില്‍ കുളക്കടയില്‍ കുടുംബം സഞ്ചരിച്ചിരുന്ന ആള്‍ട്ടോ കാറും ഇന്നോവയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം ഉണ്ടായത്. എം.സി റോഡില്‍ കുളക്കട ജങ്ഷന് സമീപത്തായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ ഇന്നോവ കാര്‍ ബിനീഷ് കൃഷ്ണനും കുടുംബവും സഞ്ചരിച്ചിരുന്ന ഓള്‍ട്ടോ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘതത്തില്‍ ഓള്‍ട്ടോ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇന്നോവ കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു.