കോന്നി : കുളത്തുമൺ താമരപ്പള്ളി എസ്റ്റേറ്റിൽ ആരംഭിക്കുന്ന പാറമടയിലേക്ക് അനധികൃതമായി റോഡ് നിർമ്മിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. ഇന്ന് രാവിലെയാണ് സംഭവം. പാറമടയിലേക്ക് റോഡ് നിർമ്മിരുതെന്ന അരുവാപ്പുലം വില്ലേജ് ഓഫീസറുടെയും അരുവാപ്പുലം പഞ്ചായത്ത് സെക്രട്ടറിയുടെയും സ്റ്റോപ്പ് മെമ്മോ മറികടന്ന് സ്വകാര്യ വ്യക്തി ജെ സി ബി ഉപയോഗിച്ച് റോഡ് നിർമ്മിക്കുകയായിരുന്നു.
രാവിലെ യന്ത്രങ്ങളുമായി റോഡ് നിര്‍മ്മാണത്തിന് എത്തിയതറിഞ്ഞ് സമീപവാസികള്‍ ഒത്തുകൂടി പണിക്കാരെ തടഞ്ഞു. എന്നാൽ അധികൃതരും നാട്ടുകാരും എത്തുന്നതിന് മുൻപ് തന്നെ ഇവർ ജെ സി ബി ഉപയോഗിച്ച് പകുതിയോളം റോഡ് വെട്ടിയിരുന്നു. തുടർന്ന് കോന്നി പോലീസ് സർക്കിൾ ഇൻസ്പക്ടർ എസ് അഷാദ്, കൂടൽ പോലീസ് സബ്ബ് ഇൻസ്പക്ടർ സേതുനാഥ്, ഡെപ്യൂട്ടി തഹൽസീദാർ ഷൈനി തുടങ്ങിയവരുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. മണിക്കൂറുകളോളം നീണ്ട ചർച്ചയ്ക്കൊടുവിലാണ് നാട്ടുകാർ ഇവരെ വിട്ടയച്ചത്. റോഡ് നിർമ്മാണം തടഞ്ഞ നാട്ടുകാരെ ഇവർ വാഹനമുപയോഗിച്ച് അപായപ്പെടുത്താൻ ശ്രമിച്ചതായും നാട്ടുകാർ പരാതിപ്പെട്ടു. ഇത് സംബന്ധിച്ച് നാട്ടുകാർ പോലീസിൽ പരാതി നൽകി. സ്ഥലം പരിശോധന നടത്തി തഹൽസീദാർക്ക് റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം നടപടി സ്വീകരിക്കുമെന്ന് അധികൃതർ നാട്ടുകാര്‍ക്ക് ഉറപ്പുനല്‍കി.
അരുവാപ്പുലം പഞ്ചായത്തിലെ കുളത്തുമൺ താമരപ്പള്ളി എസ്റ്റേറ്റിലാണ് മൂന്നോളം ക്രഷർ യൂണിറ്റുകൾ നടത്താൻ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുന്നത്. അരുവാപ്പുലം വില്ലേജിലേ സർവ്വെ നമ്പർ 540/1 ൽപ്പെട്ട ഭൂമിയിലാണ് ക്രഷർ യൂണിറ്റുകൾ ആരംഭിയ്ക്കുന്നത് . അരുവാപ്പുലം പഞ്ചായത്തിനോട് അതിർത്തി പങ്കിടുന്നതാണ് കലഞ്ഞൂർ പഞ്ചായത്ത്. ഈ പഞ്ചായത്തിൽ മാത്രം നാലോളം ക്രഷർ യൂണിറ്റൂകളൂം നിരവധി പാറമടകളും ജനങ്ങളെ വെല്ലുവിളിച്ച് പ്രവർത്തിക്കുന്നുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾക്കെതിരേ കുളത്തുമൺ, പോത്തുപാറ പ്രദേശങ്ങളിൽ നിരവധി ജനകീയ സമരങ്ങൾ ഉയർന്നു വന്നിരുന്നെങ്കിലും അധികാരികളുടെ ഒത്താശയോടെ അവിടെയെല്ലാം പാറമടകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഇതിന്റെ ഫലമായി നാട്ടുകാരെല്ലാം നിത്യരോഗികളായി മാറി. മിക്കവരുടെയും താമസംതന്നെ ആശുപത്രിയിലായി.
ഏറ്റവും അധികം ജലചൂഷണം നടക്കുന്നതും പാറ – ക്രഷർ യൂണിറ്റുകൾ പ്രവർത്തിക്കുന്നതും ഈ മേഖലകളിലാണ്. രണ്ടു പഞ്ചായത്തുകളിലുമായി പുതിയ ക്രഷർ യൂണിറ്റുകൾ കൂടി വരുന്നതോടെ ഒരിറ്റു വെള്ളത്തിനായി നാട്ടുകാര്‍ കേഴുന്ന അവസ്ഥയിലേക്ക് എത്തും.