തിരുവല്ല: വിധവയായ വീട്ടമ്മയുടെ വീടിന്റെ അടുക്കളയ്ക്കും പശുത്തൊഴുത്തിനും സാമൂഹ്യവിരുദ്ധര്‍ തീയിട്ടു. കുമ്പനാട് നെല്ലിമല പുത്തന്‍പീടികയ്ക്കു സമീപം നാലുപറയില്‍ ലീലാമ്മ മാത്യുവിന്റെ വീടിന്റെ അടുക്കളയും പശുത്തൊഴുത്തുമാണ് കഴിഞ്ഞ രാത്രി സാമൂഹ്യവിരുദ്ധര്‍ അഗ്നിക്കിരയാക്കിയത്.
തൊഴുത്തിനോട് ചേര്‍ന്നു സൂക്ഷിച്ചിരുന്ന ലീലാമ്മയുടെ മകന്റെ സ്കൂട്ടറും പൂര്‍ണമായി കത്തിനശിച്ചു. തൊഴുത്തിലുണ്ടായിരുന്നു പശുക്കുട്ടിക്ക് സാരമായി പൊള്ളലേറ്റു. ലീലാമ്മയ്ക്കൊപ്പം ഭര്‍തൃമാതാവ് അന്നമ്മയും മകനുമാണ് താമസിക്കുന്നത്. തീപടരുന്നത് കണ്ട് ഇവരുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് വൃദ്ധയായ അന്നമ്മയെ വീടിനു പുറത്തെത്തിച്ചത്. തൊഴുത്തിലുണ്ടായിരുന്ന പശുവിനെയും തീയില്‍പ്പെടാതെ രക്ഷിച്ചു. എന്നാല്‍ പശുക്കിടാവിന് സാരമായ പൊള്ളലേറ്റു. ഏതാനുംദിവസം മുന്‍പ് അയല്‍വാസിയും ലീലാമ്മയുടെ മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും റിപ്പോർട്ടുണ്ട്. രാത്രിയില്‍ തന്നെ കോയിപ്രം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കേസ് രജിസ്റ്റര്‍ ചെയ്തു.