പത്തനംതിട്ട : പത്തനംതിട്ട നഗരസഭ വാര്‍ഡ് 15 ഉപതെരഞ്ഞെടുപ്പിനൊരുങ്ങി. കുമ്പഴയുടെ ഒരു ഭാഗംകൂടി ഉള്‍പ്പെടുന്നതാണ് പതിനഞ്ചാം വാര്‍ഡ്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷയായിരുന്ന ഇന്ദിരാമണിയുടെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സോബി റെജി എൽ.ഡി.എഫ് സ്ഥാനാര്‍ഥിയായി ബിജിമോൾ മാത്യുവും ഇവിടെ മത്സരിക്കുന്നു. ബി.ജെ.പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. സ്കൂള്‍ അധ്യാപികയായ സോബി റജി കുമ്പഴ മൂലമുറിയില്‍ റെജിയുടെ ഭാര്യയാണ്. നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ ജെറി അലക്സിന്റെ ഭാര്യയാണ് എൽഡിഎഫ് സ്ഥാനാർഥി ബിജി മോൾ മാത്യു. പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം നാളെയാണ്. 7ന് സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി 10നാണ്. വോട്ടെടുപ്പ് 24ന് നടക്കും. സ്വതന്ത്രരുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെ ഭരണം നടത്തുന്ന എല്‍ഡിഎഫിന് കുമ്പഴ പതിനഞ്ചാം വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പിലെ വിജയം നിർണായകമാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 3 മുന്നണി സ്ഥാനാർഥികളെയും പരാജയപ്പെടുത്തി 154 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അങ്കണവാടി അധ്യാപികയായിരുന്ന ഇന്ദിരാമണി സ്വതന്ത്രയായി വിജയിച്ചത്. കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ഇവര്‍ക്ക് പാര്‍ട്ടി സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് സ്വതന്ത്രയായി മത്സരിക്കുകയായിരുന്നു. വാര്‍ഡിലെ ബഹുഭൂരിപക്ഷം കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇവര്‍ക്ക് പിന്തുണ നല്‍കിയിരുന്നു. എന്നാല്‍ വിജയിച്ചു കഴിഞ്ഞപ്പോള്‍ ഇന്ദിരാമണി എല്‍.ഡി.എഫിലേക്ക് പോകുകയായിരുന്നു. അന്ന് സൂസൻ (യുഡിഎഫ്) 187, ബിജി ജോസഫ് (എൽഡിഎഫ്)- 93, മിനി (ബിജെപി (64) വോട്ടുകളാണ് നേടിയത്. വ്യക്തമായ ഭൂരിപക്ഷം ഇല്ലാഞ്ഞതിനാൽ ഭരണം പിടിക്കാൻ എൽഡിഎഫ് ഇന്ദിരാമണിയുടെ പിന്തുണ നേടി. അവരെ സ്ഥിരം സമിതി അധ്യക്ഷയാക്കിയിരുന്നു.