തിരുവനന്തപുരം: വിദ്യാധിരാജ ട്രസ്റ്റിന് കീഴിലുളള തീര്‍ത്ഥപാദ മണ്ഡപത്തിനോടനുബന്ധിച്ചുളള 65 സെന്റ് സ്ഥലം ഏറ്റെടുത്ത സര്‍ക്കാര്‍ നടപടിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. കയ്യൂക്കിന്റെ ബലത്തില്‍ ഒരു തീര്‍ത്ഥാടന കേന്ദ്രം ഏറ്റെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്ന് കുമ്മനം പറഞ്ഞു. മത സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമായാണ് ഇതിനെ ബിജെപി കാണുന്നതെന്നും ചട്ടമ്പിസ്വാമികളുടെ സ്മാരകം ഉയരേണ്ട ഇടമാണിതെന്നും ഈ ക്ഷേത്രത്തില്‍ ആരാധന നടത്തുക എന്നത് വിശ്വാസികളുടെ അവകാശമാണെന്നും കുമ്മനം പറഞ്ഞു. ഇന്നലെ ശിവഗിരി മഠം, ഇന്ന് തീര്‍ത്ഥപാദ മണ്ഡപം, നാളെ പദ്മനാഭസ്വാമി ക്ഷേത്രം എന്ന നിലക്കാണ് സര്‍ക്കാര്‍ നീക്കമെന്ന് സംശയമുണ്ടെന്നും പദ്മനാഭ സ്വാമിക്ഷേത്രം ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള ആദ്യ പടിയാണിതെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.
അതേസമയം കയ്യേറ്റം ഒഴിപ്പിക്കുക മാത്രമാണ് ഉണ്ടായതെന്നും സ്മാരകം സംരക്ഷിക്കുമെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. വിഷയത്തെ ബിജെപി രാഷ്ട്രീയവത്കരിക്കുകയാണെന്നും വിദ്യാധിരാജസഭ ആവശ്യപ്പെട്ടാല്‍ ചട്ടമ്പിസ്വാമികളുടെ സ്മാരകം വിട്ടുനല്‍കുമെന്നുമാണ് കഴിഞ്ഞദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കിയത്.