കോന്നി: കുമ്മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍പിഎസിനെ മാതൃകാ വിദ്യാലയമായി വികസിപ്പിക്കുമെന്ന് അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എ അറിയിച്ചു. സര്‍ക്കാര്‍ ഏറ്റെടുത്ത സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിനായി എംഎല്‍എ വിളിച്ചുചേര്‍ത്ത വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും സ്‌കൂള്‍ അധികൃതരുടെയും സംയുക്ത യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. കോന്നി കുമ്മണ്ണൂര്‍ ജെ. ബി.വി.എല്‍.പി സ് സംരക്ഷിത അധ്യാപകരെ ഉപയോഗിച്ചാണ് പ്രവര്‍ത്തനം നടത്തിയിരുന്നത്. സ്‌കൂള്‍ അധികൃതരും അരുവാപ്പുലം പഞ്ചായത്ത് അധികൃതരും ഇക്കാര്യം അഡ്വ. കെ യു ജനീഷ് കുമാര്‍ എം എല്‍ എയുടെ ശ്രദ്ധയിപ്പെടുത്തുകയും തുടര്‍ന്നു എം എല്‍ എ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു. ജെ.ബി.വി എല്‍ പി എസ് പൂര്‍ണമായി ഏറ്റെടുക്കുന്നതിനായി സ്‌കൂളിന്റെ പേര് ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ കുമ്മണ്ണൂര്‍ എന്ന് പുനര്‍നാമകരണം ചെയ്തുകൊണ്ടുള്ള ഉത്തരവും പുറപ്പെടുവിക്കുകയും പി എസ് സി മുഖേന നാല് അധ്യാപകരെ സ്‌കൂളില്‍ പുതിയതായി നിയമിക്കുകയും ചെയ്തു.
പുതിയ അധ്യാപകര്‍ എത്തിയതോടെ സംരക്ഷിത അധ്യാപകരെ മാതൃ വിദ്യാലയത്തിലേക്ക് തിരികെ അയച്ചിട്ടുണ്ട്. നിലവില്‍ പ്രീ പ്രൈമറി തൊട്ട് അഞ്ചാം ക്ലാസ് വരെ 33 കുട്ടികളാണ് പഠിക്കുന്നത്. സ്‌കൂളില്‍ നടത്തിയ യോഗത്തിന് ശേഷം ഓരോ ക്ലാസ് മുറികളും എംഎല്‍എ പരിശോധിച്ചു. സ്‌കൂളിന്റെ അറ്റകുറ്റപ്പണി നടത്തേണ്ട ഭാഗങ്ങള്‍ അടിയന്തരമായി നവീകരിക്കുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി. ഗവണ്‍മെന്റ് എല്‍പിഎസ് കുമ്മണ്ണൂര്‍ എന്ന ബോര്‍ഡ് സ്ഥാപിക്കുന്നതിനും പഞ്ചായത്ത് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നത്തിനായി വിശദമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുവാനും നിര്‍ദ്ദേശം നല്‍കി. സ്‌കൂളിലേക്ക് ഇറങ്ങിച്ചെല്ലുന്ന വഴി അടിയന്തരമായി നവീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. സ്‌കൂളിന്റെ വികസനത്തിനായി നാട്ടുകാരെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി വിപുലമായ യോഗം വിളിച്ചു ചേര്‍ക്കുമെന്നും എംഎല്‍എ പറഞ്ഞു. മികച്ച പൊതു വിദ്യാലയങ്ങളില്‍ ഒന്നാക്കി മാറ്റുന്നതിനായി കൂട്ടായ പരിശ്രമം ഉണ്ടാകണമെന്നും എംഎല്‍എ അറിയിച്ചു. കുമ്മണ്ണൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ എംഎല്‍എ യോടൊപ്പം അരുവാപുലം പഞ്ചായത്ത് പ്രസിഡണ്ട് ഇന്‍ ചാര്‍ജ് മണിയമ്മ രാമചന്ദ്രന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേര്‍സണ്‍ ബിന്ദു സി.എന്‍, പഞ്ചായത്തംഗം ഷീബാ സുധീര്‍, കോന്നി എ.ഇ. ഒ സന്ധ്യ, അരുവാപ്പുലം പഞ്ചായത്ത് സെക്രട്ടറി സനല്‍, സ്‌കൂള്‍ എച്ച്.എം. ഇന്‍ ചാര്‍ജ് രശ്മി, പി ടി എ വൈസ് പ്രസിഡണ്ട് യുസഫ്, രഘുനാഥ് ഇടത്തിട്ട, നിഷാദ്, പി. ടി. എ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.