മലയാള സിനിമയിൽ പുത്തന്‍മാറ്റങ്ങള്‍ക്ക് തുടക്കംകുറിച്ച സിനിമയാണ് ട്രാഫിക്. മലയാളത്തിലെ ന്യൂജൻ സിനിമകളുടെ ആരംഭം ട്രാഫിക്കിൽ നിന്നാണെന്നാണ് വിശേഷിപ്പിക്കാറുള്ളത്. അന്തരിച്ച സംവിധായകൻ രാജേഷ് പിള്ള ഒരുക്കിയ ചിത്രം അവയവമാറ്റത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയ സിനിമയെന്ന പേരിലും വലിയ ശ്രദ്ധനേടി. അതുവരെ കണ്ട മലയാള സിനിമകളിൽ നിന്നും വ്യത്യസ്തമായിരുന്നു ചിത്രത്തിന്റെ ആഖ്യാന രീതി. ശ്രീനിവാസൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ, റഹ്മാൻ തുടങ്ങിയവർ അഭിനയിച്ച ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു. അടുത്തകാലത്തായി വ്യത്യസ്ത പുലര്‍ത്തുന്ന നിരവധി ചിത്രങ്ങള്‍ മലയാളത്തില്‍ എത്തിയെങ്കിലും ഇതിന്റെയെല്ലാം തുടക്കം ട്രാഫിക്കായിരുന്നു.
2011ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാകാറുണ്ട്. ട്രാഫിക്കിനെ കുറിച്ചോർക്കുമ്പോൾ പ്രേക്ഷകരുടെ മനസിലേക്ക് ആദ്യം എത്തുന്നത് ശ്രീനിവാസനും കുഞ്ചാക്കോ ബോബനും ആസിഫ് അലിയും ഒന്നിച്ചുള്ള പോലീസ് കാറിലെ യാത്ര തന്നെയാകും. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്നതായിരുന്നു ആ യാത്രയിലെ ഓരോ രംഗങ്ങളും. ശ്രീനിവാസൻ അവതരിപ്പിച്ച ട്രാഫിക് കോൺസ്റ്റബിൾ സുദേവൻ എന്ന കഥാപാത്രമാണ് കാറോടിച്ചിരുന്നത്. ഇപ്പോഴിതാ ഡ്രൈവിങ് അറിയാതെയാണ് ശ്രീനിവാസൻ സിനിമയ്ക്കായി വണ്ടിയോടിച്ചതെന്ന് പറയുകയാണ് കുഞ്ചാക്കോ ബോബൻ.
വണ്ടി ഓടിക്കാൻ അറിയാത്ത ആളുകൾക്കൊപ്പം എനിക്ക് ഇരിക്കേണ്ടി വന്നിട്ടുണ്ട്. നിറത്തിൽ എനിക്കൊരു റിഹേഴ്സൽ ആയിരുന്നു. ശരിക്കുമുള്ള സംഭവം വന്നത് ട്രാഫിക് എന്ന സിനിമയിലാണ്. അതിൽ പോലീസ് ജീപ്പ് 100-120 കിലോമീറ്റർ സ്പീഡിൽ ഓടിക്കേണ്ടയാൾ ശ്രീനിയേട്ടൻ ആയിരുന്നു. പുള്ളിക്ക് ഡ്രൈവിങ് അറിയില്ല. ഞാൻ വണ്ടിയുടെ പിറകിൽ ഇരിക്കുന്നു. ആസിഫ് മുന്നിൽ സൈഡിൽ ഇരിക്കുന്നു. ശ്രീനിയേട്ടൻ ഓടിക്കുന്നു. ആദ്യ ഷോട്ട് എടുക്കുന്നതിന് മുൻപ് ഞങ്ങൾ തമാശകളൊക്കെ പറഞ്ഞ് ഇരിക്കുന്നതിനിടെ ഞാൻ ശ്രീനിയേട്ടനോട് ചോദിച്ചു. ‘ശ്രീനിയേട്ട ഡ്രൈവിങ്ങൊക്കെ അറിയാമല്ലോ’ എന്ന്. ഇല്ല എന്നായിരുന്നു ശ്രീനിയേട്ടന്റെ മറുപടി. സത്യമായിട്ടും അറിയില്ലെന്ന് പറഞ്ഞു. ഞാനും ആസിഫും നെഞ്ചത്ത് കൈ വെച്ചു. കാരണം ഈ മനുഷ്യന്റെ ഒപ്പമാണ് ഇനിയുള്ള ദിവസങ്ങളിൽ 100-120 കിലോമീറ്റർ സ്പീഡിൽ പോകാനുള്ളത്. ചേട്ടന് പേടിയില്ലേ എന്ന് ചോദിച്ചു.
നിറം സിനിമയിലും ഇത്തരമൊരു അനുഭവം ചാക്കോച്ചനും ജോമോളും പങ്കുവച്ചിരുന്നു. നിറം സിനിമയിൽ ക്യമാറ ഫോക്കസ് ഔട്ട് ആകുമ്പോൾ ചാക്കോച്ചൻ വേഗം ഗിയർ ന്യൂട്രലിൽ ആക്കുകയാണ് ചെയ്തിരുന്നതെന്ന് ജോമോൾ വ്യക്തമാക്കി. കമലിന്റെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ ചിത്രമാണ് നിറം. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രത്തിൽ ശാലിനിയായിരുന്നു നായിക. സെക്കൻഡ് ഹീറോയിനായിട്ടാണ് ജോമോൾ എത്തിയത്. കുഞ്ചാക്കോ ബോബന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകൾ ഒന്നായിരുന്നു ചിത്രം.