തൊടുപുഴ : കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുതി പദ്ധതിയായ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2372.32 അടിയിലെത്തി. ആകെ സംഭരണ ശേഷിയുടെ 66.26 ശതമാനമാണിത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 2371.52 അടിയായിരുന്നു. നിലവില്‍ 2375.53 അടിയാണ് ബ്ലൂ അലര്‍ട്ട് ലെവല്‍.
ഏറ്റവും ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മുല്ലപ്പെരിയാറില്‍ 134.25 അടിയാണ് ജലനിരപ്പ്. ഇപ്പോഴത്തെ റൂള്‍ലെവല്‍ അനുസരിച്ച് 137.5 അടിയെത്തുമ്പോള്‍ അണക്കെട്ട് തുറക്കണം. 142 അടിയാണ് അനുവദനീയമായ പരമാവധി സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശമായ തേക്കടിയില്‍ തിങ്കളാഴ്ച 50.8 മില്ലിമീറ്ററും പെരിയാറില്‍ ഒരു മില്ലിമീറ്ററും മഴ ലഭിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ താരതമ്യേന ചെറിയ അണക്കെട്ടുകളും തുറക്കാന്‍ തുടങ്ങി. മലങ്കര അണക്കെട്ടിലെ ആകെയുള്ള ആറ് ഷട്ടറും തുറന്ന് ജലമൊഴുക്കുന്നുണ്ട്. കല്ലാര്‍കുട്ടി, പാംബ്ല, പൊന്മുടി അണക്കെട്ടുകള്‍ തുറന്നിരിക്കുകയാണ്. കുണ്ടള ഡാം ചൊവ്വാഴ്ച തുറക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
പള്ളിവാസല്‍ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ കുണ്ടള ജലസംഭരണിയുടെ വൃഷ്ടിപ്രദേശത്ത് കനത്ത മഴയും നീരൊഴുക്കും തുടരുന്ന സാഹചര്യത്തിലാണ് രാവിലെ 10 മുതല്‍ കുണ്ടള അണക്കെട്ടിലെ അഞ്ച് ഷട്ടര്‍ 50 സെന്റീമീറ്റര്‍ വീതം ആവശ്യാനുസരണം തുറന്ന് 60 ക്യൂമെക്സുവരെ കുണ്ടളയാറുവഴി മാട്ടുപ്പെട്ടി സംഭരണിയിലേക്ക് ഒഴുക്കിവിടാന്‍ തീരുമാനിച്ചത്. കുണ്ടള ജലസംഭരണിയുടെ ജലബഹിര്‍ഗമന പാതയില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടര്‍ അറിയിച്ചു. മഴ തുടര്‍ന്നാല്‍ കൂടുതല്‍ ഡാമുകള്‍ തുറന്നേക്കും.