തിരുവനന്തപുരം: അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മുസ്ലീം ലീഗ് എൽഡിഎഫ് മുന്നണിയിൽ മത്സരിക്കുമോ? അതിനുള്ള എല്ലാവിധ സാധ്യതകളുമുണ്ടെന്നുള്ള സൂചനകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. നേരത്തെ ഗവർണർ വിഷയത്തിൽ സംസ്ഥാന സർക്കാരിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ച് രംഗത്തെത്തിയ കുഞ്ഞാലിക്കുട്ടി നൽകിയത് കെ സുധാകരൻ, വിഡി സതീശൻ എന്നിവരുടെ നിലപാടുകൾക്കെതിരെയുള്ള ലീഗിൻ്റെ മറുപടിയായിട്ടാണ് വിലയിരുത്തപ്പെട്ടത്. അതിനെ ശരിവച്ചുകൊണ്ട് വീണ്ടും കുഞ്ഞാലിക്കുട്ടി ഗവർണർക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെ മുസ്ലീം ലീഗ് മുന്നണി മാറുമെന്നുള്ള പരോക്ഷ സൂചനകളാണ് പുറത്തു വരുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതും.
സംസ്ഥാനത്ത് സംഘപരിവാർ അജണ്ടയാണ് ഗവർണർ അടിച്ചേൽപ്പിക്കുന്നതെന്ന് ശക്തമായി വാദിക്കുന്ന ലീഗിൻ്റെ നിലപാട് എൽഡിഎഫിന് കുറച്ചൊന്നുമല്ല ആശ്വാസം പകരുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ്റെ നടപടികള്‍ ബാലിശമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വീണ്ടും രംഗത്തെത്തിയത്. മാത്രമല്ല ഗവർണറുടെ നടപടികള്‍ സര്‍ക്കാരിൻ്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ പ്രധാനപ്പെട്ട കാര്യങ്ങളില്‍ ചര്‍ച്ച നടക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.