മലപ്പുറം: സ്വര്‍ണക്കടത്തും മറ്റു സംഭവങ്ങളും നില്‍ക്കുമ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പു കാലത്ത് ബാലന്‍സ് ചെയ്യുന്നതിനാണ് വി.കെ.ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തതെന്ന് മുസ്ലിം ലീഗ്. പാണക്കാട് ഹൗസില്‍ ലീഗിന്റെ ഉന്നതതല യോഗത്തിനു ശേഷം പി.കെ.കുഞ്ഞാലിക്കുട്ടി എം.പിയാണ് ഇക്കാര്യം പറഞ്ഞത്.
കേന്ദ്ര സര്‍ക്കാര്‍ ചെയ്യുമ്പോലെ അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണ്. നഗ്നമായ അധികാര ലംഘനമാണ്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരായ ആരോപണങ്ങളും അന്വേഷണത്തില്‍ തെളിഞ്ഞുവന്ന കാര്യങ്ങളെയും ബാലന്‍സ് ചെയ്യാന്‍ വേണ്ടിയുള്ള രാഷ്ട്രീയ നാടകമാണ് ഈ അറസ്റ്റ്.
ബോധപൂര്‍വം അറസ്റ്റ് വൈകിപ്പിക്കുകയായിരുന്നു. രാഷ്ട്രീയമായ പക പോക്കലാണിത്. മുന്‍കൂട്ടി പ്രഖ്യാപിച്ച് നമ്പറിട്ട് അറസ്റ്റ് ചെയ്യുന്നു. അറസ്റ്റ് നടത്തണമായിരുന്നെങ്കില്‍ നേരത്തെ ആകാമായിരുന്നു. അന്വേഷണം അവസാസനിച്ചപ്പോഴാണ് അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റ് എങ്ങനെ ചെയ്യണമെന്ന് തിരുവനന്തപുരത്ത് ആലോചന നടന്നിരുന്നു. ഈ ആലോചനയെക്കുറിച്ച് മൂന്ന് ദിവസം മുമ്പ് അറിഞ്ഞിരുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.