തിരുവനന്തപുരം : കൊയിലാണ്ടിയിലെ സിപിഎം ലോക്കൽ സെക്രട്ടറി സത്യനാഥന്റെ കൊലപാതകത്തിനുപിന്നിൽ മറ്റാരെങ്കിലും ഉണ്ടോയെന്നത് ഉൾപ്പെടെ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ടിപി വധക്കേസിൽ ശിക്ഷിക്കപ്പെട്ട പി.കെ കുഞ്ഞനന്തന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച കെ.എം ഷാജിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മൃഗീയമായാണ് കൊലപാതകം നടന്നത്. കൊലപാതകത്തിന് പിന്നിലുള്ള എല്ലാവരേയും നിയമത്തിന് മുന്നിൽകൊണ്ടുവരണം. ശക്തമായ നടപടിവേണമെന്നാണ് പാർട്ടിയുടെ ആവശ്യം. പോലീസ് പിടിയിലായ വ്യക്തിയ്ക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല. മുമ്പ് പാർട്ടി മെമ്പറായിരുന്നു. ഒരുതരത്തിലും അംഗീകരിക്കാനാവാത്ത തെറ്റായ പ്രവണതകൾ കാട്ടിയതിനെ തുടർന്ന് ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കുകയായിരുന്നു. പിന്നീട് ഗൾഫിലേക്ക് പോയി തിരിച്ചുവന്നതിനുശേഷവും ഇയാൾ തെറ്റായ നിലപാടുകൾ തുടർന്നു. ഇയാളുടെ ഫെയ്സ് ബുക്ക് പോസ്റ്റുകളെല്ലാം പാർട്ടിയ്ക്ക് എതിരാണ്. കൊല്ലപ്പെട്ട സത്യനാഥനും ഇയാളും തമ്മിൽ വ്യക്തിപരമായി വലിയ പ്രശ്നം ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.