പത്തനംതിട്ട : ഇടിഞ്ഞ് വീഴാറായ വീട്ടില്‍ താമസിച്ചിരുന്ന വയോധികന് റാന്നി അങ്ങാടി കുടുംബശ്രീയുടെ നേതൃത്വത്തില്‍ വീട് വെച്ച് നല്‍കി. അഡ്വ. പ്രമോദ് നാരായൺ എം എൽ എ താക്കോൽ ദാനം നിർവഹിച്ചു. 70 കാരനായ കുഞ്ഞുമോനാണ് അടുക്കളയും ശുചിമുറിയും അടങ്ങിയ വീട് നല്‍കിയത്. 5 സെന്റ് സ്ഥലത്ത് മണ്‍ഭിത്തിയില്‍ ടാര്‍പോളിന്‍ കൊണ്ട് മൂടിയ വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന കുഞ്ഞുമോൻ ശ്വാസ കോശ സംബന്ധ രോഗിയാണ്. റാന്നി അങ്ങാടി സി ഡി എസിന്റെ നേതൃത്വത്തിൽ അഞ്ചാം വാർഡിലാണ് ആശ്രയ ഗുണഭോക്താവായ കുഞ്ഞുമോൻ താമസിക്കുന്നത്. ഭാര്യയും മകനും മരണപെട്ട ശേഷം ഒറ്റക്കാണ് താമസം. അങ്ങാടി സി ഡി എസിലെ ഓരോ കുടുംബശ്രീ അംഗവും നൽകിയ സംഭാവനകളുടെ ആകെ തുകയാണ് 2 ലക്ഷമാക്കി വീട് നിർമ്മാണത്തിനായി കണ്ടെത്തിയത്. ബാക്കി ആവശ്യമായ 50000 രൂപ പഞ്ചായത്തിന്റെ മെയിന്റനൻസ് ഗ്രാന്റിൽ നിന്നും ലഭ്യമാക്കുകയായിരുന്നു. കുഞ്ഞുമോന് ആവശ്യമായ ഭക്ഷണ സാധനങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ ലഭ്യമാക്കി വരുന്നു. കൂടാതെ അങ്ങാടിയിൽ കുടുംബശ്രീ നടത്തിവരുന്ന ഹോട്ടലിൽ നിന്നാണ് കുഞ്ഞുമോനുള്ള ഭക്ഷണം ദിവസേന നൽകി വരുന്നത്. ടൈൽസ് പതിപ്പിച്ച ശേഷം പെയിന്റിങ്ങും ചെയ്താണ് വീട് കുഞ്ഞുമോന് കൈമാറിയിരിക്കുന്നത്. വാട്ടർ കണക്ഷനും വൈദ്യുതിയും ഉടൻതന്നെ ലഭ്യമാക്കും.
പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി അധ്യക്ഷത വഹിച്ചു. സി ഡി എസ് ചെയർപേഴ്സൺ ഓമന രാജൻ സ്വാഗതം പറഞ്ഞു. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എസ് ആദില, അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബിന്ദു രേഖാ കെ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതീഷ് കുമാർ, വാർഡ് മെമ്പർമാരായ കുഞ്ഞുമറിയാമ്മ, ബി. സുരേഷ്, അഞ്ചു ജോൺ, ജെബിൻ കെ വിൽസൺ, സി ഡി എസ് വൈസ് ചെയർപേഴ്സൺ ആൻസി സനീഷ്, എ ഡി എസ് പ്രസിഡന്റ് റെനി, സെക്രട്ടറി ദിവ്യ, ബ്ലോക്ക് കോ ഓർഡിനേറ്റർ അർച്ചന എന്നിവർ സംസാരിച്ചു. സി ഡി എസ് അക്കൗണ്ടന്റ് രാജി എം. ആർ നന്ദി പറഞ്ഞു.