റാന്നി: സമഗ്ര ശിക്ഷാ കേരളയുടെ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ പെൺകുട്ടികൾക്കായുള്ള സ്കൂൾ ലെവൽ ഓറിയന്റേഷൻ പ്രോഗ്രാം ‘ശക്തി’ ക്ക് കുന്നം
എം ടി വി എച്ച്.എസ്.എസിൽ തുടക്കമായി. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലേയും ഒന്നാം വർഷ പെൺകുട്ടികൾക്കായി സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി നടത്തപ്പെടുന്ന പരിപാടിയാണ് ശക്തി. നൂതനാശയങ്ങൾ കണ്ടെത്തി അതിനെ പുതിയ ഉൽപന്ന- സേവനമേഖലയാക്കി മാറ്റി സ്വയംതൊഴിൽ കണ്ടെത്താൻ കുട്ടികളെ ബോധവൽക്കരിക്കുകയാണ് ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്. അതിലൂടെ തൊഴിലില്ലായ്മ ഇല്ലാതാക്കി കുറച്ച് ആളുകൾക്ക് തൊഴിൽ നൽകുന്ന സംരംഭങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ.
കുട്ടികൾ രണ്ടാം വർഷത്തിൽ എത്തിക്കഴിഞ്ഞാൽ അവർക്ക് കൂടുതൽ പരിശീലന പരിപാടികൾ കൊടുത്ത് അവരുടെ ആശയങ്ങളെ ക്രോഡീകരിച്ച് അതിന്റെ പ്രോട്ടോ ടൈപ്പ് നിർമിച്ച് വർക്കിംഗ് മോഡൽ അഥവാ ഫൈനൽ പ്രോഡക്ടിൽ എത്തിക്കാനുള്ള ശ്രമം നടത്തപ്പെടും. സ്റ്റാർട്ടപ്പ് മിഷൻ, സ്കിൽ സെന്റർ, ടെക്നിക്കൽ എക്സ്പേർട്ടുകളുമായി സംവാദിക്കുന്നതിനും അനുഭവങ്ങൾ പങ്കിടുന്നതിനുമുള്ള അവസരം കുട്ടികൾക്ക് ഇതിലൂടെ ലഭിക്കുന്നു. സ്കൂൾ ഹാളിൽ നടന്ന പരിശീലന പരിപാടി റാന്നി ബി.പി.സി ഷാജി എ. സലാം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റോബിൻ ജി. അലക്സ് അധ്യക്ഷത വഹിച്ചു. ക്ലസ്റ്റർ കോ-ഓർഡിനേറ്റർമാരായ എസ്. ദീപ്തി, ബി.ശില്പ നായർ, വൊക്കേഷണൽ ഹയർ സെക്കൻ്ററി അധ്യാപകനും ശക്തി കോ-ഓർഡിനേറ്ററുമായ ഷൈലു ചെറിയാൻ, റിസോഴ്‌സ് പേഴ്സൺ എസ് സജീവ് കുമാർ എന്നിവർ പ്രസംഗിച്ചു.