കുറിച്ചി : കേളൻകവലയിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭാര്യയുടെ മരണം കൊലപാതകമെന്ന് പോലീസ്. കാഞ്ഞിരക്കാട്ട് ടി.കെ ഗോപി (ഗോപി തച്ചാറ 80), ഭാര്യ കുഞ്ഞമ്മ (76) എന്നിവരെയാണ് ചൊവ്വാഴ്ച രാവിലെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. നെഞ്ചിലെ ക്ഷതവും ശ്വാസം മുട്ടിച്ചതുമാണ് മരണകാരണമെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞമ്മയുടെ മരണം കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ഇവരെ കൊലപ്പെടുത്തിയ ശേഷം ഗോപി ജീവനൊടുക്കിയെന്നാണ് പോലീസ് സംശയിക്കുന്നത്.
ഗോപി മദ്യപിച്ചെത്തി കുഞ്ഞമ്മയുമായി വഴക്കുണ്ടാക്കുന്നതു പതിവായിരുന്നു എന്ന നാട്ടുകാരുടെ മൊഴിയും മറ്റാരെങ്കിലും വീട്ടിൽ അതിക്രമിച്ചു കയറിയതായുള്ള സൂചനകൾ ഇല്ലാത്തതുമാണ് ഇത്തരത്തിൽ സംശയിക്കാൻ കാരണമെന്നും തുടരന്വേഷണം നടത്തുമെന്നും ചിങ്ങവനം എസ്എച്ച്ഒ ടി.ആർ ജിജു പറഞ്ഞു. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടുനൽകിയ മൃതദേഹങ്ങൾ സംസ്കരിച്ചു.