ചെങ്ങന്നൂർ : ചെങ്ങന്നൂരിലെ പ്രകൃതിദത്ത ജലാശയങ്ങളായ വെൺമണി പഞ്ചായത്തിലെ കുതിരവട്ടംചിറയും ആലാ പഞ്ചായത്തിലെ പൂമലച്ചാലും ടൂറിസം ഭൂപടത്തിലേക്ക്. രണ്ടു ജലാശയങ്ങളുടെയും ടൂറിസംസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്ന പദ്ധതികൾക്കാണ് തുടക്കമായത്. പൂമലച്ചാൽ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടത്തിയിരുന്നു. കുതിരവട്ടംചിറയിൽ അക്വാ പ്രോജക്ട് ടൗൺഷിപ്പ് പദ്ധതിക്കാണ് അനുമതിയായത്. ഇതു നടപ്പാക്കുന്നതിനു മുന്നോടിയായി ജലാശയം ആഴംകൂട്ടുന്ന പ്രവൃത്തികൾക്കു തുടക്കമായി. മത്സ്യക്കൃഷി, ടൂറിസം എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിലൂടെ പ്രദേശത്തിന്റെ മുഖച്ഛായ മാറ്റുന്നതിനൊപ്പം തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. 15.11 കോടി രൂപയുടെ പദ്ധതിയാണിത്.
വെൺമണി പഞ്ചായത്തിലെ രണ്ടാംവാർഡിലെ കുതിരവട്ടംചിറ ഏറെനാളായി പായലും പോളയും നിറഞ്ഞുകിടക്കുകയായിരുന്നു. ഏക്കറുകണക്കിനു വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ജലാശയത്തെ പ്രയോജനപ്പെടുത്താനുള്ള പദ്ധതികളൊന്നും നടപ്പാക്കിയിരുന്നില്ല. വർഷങ്ങൾക്കു മുൻപ് ചിറയുടെ തീരത്ത് കുട്ടികളുടെ പാർക്കിനു തുടക്കമിട്ടെങ്കിലും പാതിവഴിയിലായി. അതേസമയം ചിറ സംരക്ഷിച്ചാൽ പ്രദേശത്തെ ജലക്ഷാമത്തിനും വികസനത്തിനും സഹായകമാകുമെന്ന അഭിപ്രായം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി സജി ചെറിയാൻ ഇടപെടലിലൂടെ അക്വാ പ്രോജക്ട് പദ്ധതി കുതിരവട്ടംചിറയിൽ നടപ്പാക്കുന്നത്. ആലാ പൂമലച്ചാലിൽ ആദ്യഘട്ട ടൂറിസംപദ്ധതി നടപ്പാക്കാൻ 3.42 കോടിയുടെ അനുമതിയാണ് ലഭിച്ചത്. ആലാ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകൾ ഉൾപ്പെടുന്ന ജലാശയവും പരിസരവും ഉൾപ്പെടെ 23 ഏക്കർ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഇക്കോ ടൂറിസം പദ്ധതിയോടൊപ്പം പൂമലച്ചാലിന്റെ സംരക്ഷണത്തിനായി അടിത്തട്ടിൽ അടിഞ്ഞുകിടക്കുന്ന പായലും ചെളിയും നീക്കംചെയ്ത് ജലാശയത്തിന്റെ സംഭരണശേഷി കൂട്ടും. ചിറയുടെ വശങ്ങൾ പുൽത്തകിടി, കയർഭൂവസ്ത്രം എന്നിവ ഉപയോഗിച്ച് മനോഹരമാക്കാനും ലക്ഷ്യമിടുന്നു.