കുട്ടനാട് : കൈനകരിയില്‍ വാക്‌സീന്‍ കേന്ദ്രത്തിലെ ഡോക്ടറെ മര്‍ദ്ദിച്ച സംഭവത്തിലെ പ്രതികളായ സി.പി.എം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടറുടെ വേറിട്ട പ്രതിഷേധം. അവധി ദിവസമായിട്ടും പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തി ജോലിചെയ്തും കൂടുതല്‍ വാക്‌സീന്‍ വിതരണം ചെയ്തുമാണ് മര്‍ദനമേറ്റ ഡോക്ടര്‍ ശരത് ചന്ദ്രബോസിന്റെ പ്രതിഷേധം.
കേസിലെ ഒന്നാം പ്രതി സി.പി.എം നേതാവും കൈനകരി പഞ്ചായത്ത് പ്രസിഡണ്ടുമായ എം.സി പ്രസാദ്, രണ്ടാം പ്രതിയും ലോക്കല്‍ സെക്രട്ടറിയുമായ രഘുവരന്‍ എന്നിവര്‍ ഒളിവില്‍ ആണ്. സംഭവം നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും ഇതുവരെ പ്രതികളെ പിടികൂടിയിട്ടില്ല. പ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നതെന്നും പക്ഷേ നാട്ടില്‍ തന്നെയുണ്ടെന്നാണ് അവിടെ നിന്നും ലഭിക്കുന്ന വിവരമെന്ന് ഡോക്ടര്‍ ശരത് ചന്ദ്രബോസ് മധ്യമത്തോട് പ്രതികരിച്ചു. ‘പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാണ് അറിഞ്ഞത്.
ജാമ്യം ലഭിക്കുന്നത് വരെ പ്രതികളെ സംരക്ഷിക്കാനാണ് പോലീസ് ശ്രമിക്കുന്നതെന്ന് സംശയിക്കുന്നു. കോവിഡ് കാലത്ത് ജോലി ചെയ്യാതെയുള്ള പ്രതിഷേധമല്ല, അധിക ജോലി ചെയ്തുള്ള പ്രതിഷേധമാണ് വേണ്ടത്’. അഞ്ഞൂറോളം പേര്‍ക്ക് ഇന്ന് വാക്‌നീനേഷന്‍ നല്‍കാനാണ് തീരുമാനമെന്നും ഇതിനായി അധികസമയം ജോലി ചെയ്യുമെന്നും ഡോക്ടര്‍ പ്രതികരിച്ചു.
കുപ്പപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ശരത് ചന്ദ്ര ബോസിന് മര്‍ദ്ദനമേറ്റത്. മിച്ചം വന്ന വാക്‌സീന്‍ വിതരണം ചെയ്യുന്നതിന്റെ പേരിലാണ് പ്രാദേശിക സി.പി.എം നേതാക്കളും ഡോക്ടറും തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായത്. പഞ്ചായത്ത് പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമെത്തിയ 10 പേര്‍ക്ക് കൂടി വാക്‌സീന്‍ നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കിടപ്പുരോഗികള്‍ക്കായി മാറ്റിവച്ചതാണെന്നും നല്‍കാനാകില്ലെന്നും അറിയിച്ചതോടെ തന്നെ കയ്യേറ്റം ചെയ്‌തതെന്നാണ് ഡോക്ടറുടെ പരാതി. കൈനകരി പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, സി.പി.എം ലോക്കല്‍ സെക്രട്ടറി രഘുവരന്‍, പ്രവര്‍ത്തകനായ വിശാഖ് വിജയ് എന്നിവര്‍ക്കെതിരെയാണ് നെടുമുടി പോലീസ് കേസെടുത്തത്.