കോന്നി : തണ്ണിത്തോട് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ വന ഭൂമിയിൽ സി പി ഐ എം, സി ഐ റ്റി യു പ്രവർത്തകർ അനുവാദമില്ലാതെ സി ഐ റ്റി യു കൊടിമരം സ്ഥാപിച്ചത് വനം വകുപ്പ് നീക്കം ചെയ്ത് കേസ് എടുത്ത ശേഷം വീണ്ടും ഇവർ കൊടി മരം സ്ഥാപിച്ചതിനെ തുടർന്ന് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം തത്കാലികമായി അടച്ചിടുവാൻ കോന്നി ഡി എഫ് ഓ ഉത്തരകുമരംപേരൂർ ഡെപ്യൂട്ടി ഫോറെസ്റ്റ് റേഞ്ച് ഓഫീസർക്ക് നിർദേശം നൽകി. കഴിഞ്ഞ ഒരാഴ്ചക്ക് മുൻപാണ് അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ സി പി എം, സി ഐ റ്റി യു പ്രവർത്തകർ ഇക്കോ ടൂറിസം വർക്കേഴ്സ് യൂണിയൻ രൂപീകരിക്കുകയും വന ഭൂമിയിൽ കൊടിമരം സ്ഥാപിക്കുകയും ചെയ്തത്. എന്നാൽ വനം റിസേർവ് ഭൂമിയായ ഇവിടെ വനം വകുപ്പിന്റെ അനുമതി കൂടാതെ സി പി എം പ്രവർത്തകർ കൊടി മരം സ്ഥാപിച്ചതിനെ തുടർന്നാണ് വനം വകുപ്പ് നടപടി സ്വീകരിച്ചത്.
കൊടിമരം നീക്കം ചെയ്യുവാൻ വനം വകുപ്പ് സി പി എം നേതൃത്വത്തിന് നിർദേശം നൽകി എങ്കിലും ഇവർ ഇതിന് തയ്യാറായില്ല. തുടർന്ന് വനപാലകർ നേരിട്ട് എത്തി കൊടിമരം പിഴുത് മാറ്റുകയും കൊടിമരം സ്ഥാപിച്ചവർക്ക് എതിരെ കേസ് എടുത്ത് കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. എന്നാൽ ഇതിന് അടുത്ത ദിവസം രാത്രിയിൽ ഇവർ വീണ്ടും പ്രദേശത്ത് കൊടിമരം സ്ഥാപിക്കുകയും ചെയ്തു. തുടർന്ന് കൊടിമരം വനം വകുപ്പ് നീക്കം ചെയ്തതിൽ പ്രതിഷേധിച്ച് സി ഐ റ്റി യു തണ്ണിത്തോട് പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഞള്ളൂർ ഉത്തരകുമരം പേരൂർ ഫോറെസ്റ്റ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. എന്നാൽ ഈ മാർച്ചിനിടയിൽ സി പി എം തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ് ഞള്ളൂർ ഡെപ്യൂട്ടി റേഞ്ച് ഓഫിസറേ ഭീഷണിപെടുത്തിയതായും പരാതി ഉണ്ട്. കൊടിമരം സ്ഥാപിച്ച സ്ഥലം പഞ്ചായത്ത് ഭൂമി ആണ് എന്നതാണ് സി പി എം ന്റെ വാദം. എന്നാൽ ഇത് വനം റിസർവ്വ് ഭൂമിയിൽ ഉൾപ്പെടുന്നതാണെന്ന് വനം വകുപ്പ് അധികൃതർ ഉറപ്പിച്ചു പറയുന്നു. ഈ വിഷയത്തിൽ തീരുമാനം ഉണ്ടാകുന്നത് വരെ കുട്ടവഞ്ചി സവാരി കേന്ദ്രം താത്കാലികമായി അടച്ചിടാൻ ആണ് വനം വകുപ്പ് തീരുമാനം.