കോന്നി : ലക്ഷങ്ങൾ വരുമാനം ലഭിക്കുന്ന അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ കുട്ടവഞ്ചികൾ പഴക്കം മൂലം ജീർണാവസ്ഥയിൽ ആയിട്ടും തിരിഞ്ഞു നോക്കാതെ അധികൃതർ. ഒരു വർഷത്തിന് മുൻപ് കർണ്ണാടകയിലെ ഹൊഗെനക്കലിൽ നിന്നും 27 കുട്ടവഞ്ചികൾ ആണ് എത്തിച്ചത്. ഇതിന് ശേഷം പുതിയ കുട്ടവഞ്ചികൾ എത്തിക്കുകയോ വഞ്ചികൾ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്തിട്ടില്ല. വള്ളങ്ങൾ ഭൂരിഭാഗവും ഒടിഞ്ഞതും ജീർണ്ണാവസ്ഥയിൽ ആയവയുമാണ്. ഈ വള്ളങ്ങൾ ആണ് ആഴമേറിയ കല്ലാറിൽ കുട്ടവഞ്ചി സവാരിക്കായി ഉപയോഗിക്കുന്നതും. പുതിയ കുട്ടവഞ്ചികൾ എത്തിച്ച് ടാർ തേച്ച് ബലപ്പെടുത്തി വെള്ളത്തിൽ ഇറക്കിയാൽ ആറ് മാസത്തിനുളിൽ തന്നെ ഇത് നശിച്ചു തുടങ്ങുമെന്നും പറയുന്നു. കാലപ്പഴക്കം ചെന്ന വള്ളങ്ങൾ ആളുകൾ കയറുമ്പോൾ ഒടിയുന്നതിനുള്ള സാധ്യതയും ഏറെയാണ്.
കുട്ടവഞ്ചികൾ നാശാവസ്ഥയിൽ ആണെന്ന് അധികൃതർ അറിഞ്ഞിട്ട് കാലങ്ങൾ ആയിട്ടും പുതിയത് എത്തിക്കുവാൻ നടപടിയില്ല. പുതിയ കുട്ടവഞ്ചികൾ മഴയും വെയിലും ഏൽക്കാതെ സൂക്ഷിക്കാൻ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ആവശ്യത്തിനുള്ള ഷെഡോ മറ്റ് സംവിധാനങ്ങളോ ഇല്ലാത്തതും കുട്ടവഞ്ചികൾ പെട്ടന്ന് തന്നെ നശിക്കുന്നതിന് കാരണമായി തീരുന്നുണ്ട്. സീസൺ സമയങ്ങളിൽ മാസം ലക്ഷ കണക്കിന് രൂപ വരുമാനം ലഭിക്കുന്ന കുട്ടവഞ്ചിയിൽ വർഷത്തിൽ കോടികൾ ആണ് വരുമാനം. യാതൊരു മുതൽ മുടക്കും കൂടാതെ ഇത്രയധികം വരുമാനം ലഭിച്ചിട്ടും പുതിയ കുട്ടവഞ്ചികൾ എത്തിക്കുന്നതിനോ മറ്റ് അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനോ കഴിഞ്ഞിട്ടില്ല എന്നതാണ് ഏറ്റവും വലിയ ആക്ഷേപം.
കുട്ടവഞ്ചി തൊഴിലാളികൾ ഉപയോഗിക്കുന്ന യൂണിഫോം പോലും കീറിനശിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. മഴയിലും വെയിലിലും വിനോദ സഞ്ചാരികളെ സന്തോഷിപ്പിക്കാൻ ഈ കീറിനശിച്ച യൂണിഫോം ഇട്ടുകൊണ്ടാണ് ഇവർ ജോലിക്ക് ഇറങ്ങുന്നത്. പുതിയ യൂണിഫോം എത്തിക്കുന്നതിനും വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. മഴ ശക്തമായി കല്ലാറിൽ വെള്ളം നിറയുന്നതോടെ കേരളത്തിന് അകത്തും പുറത്തുനിന്നുമായി നിരവധി ആളുകൾ ആണ് അടവി കുട്ടവഞ്ചി സവാരി ആസ്വദിക്കുവാൻ എത്തുന്നത്. ജീർണ്ണാവസ്ഥയിൽ ആയ ഈ വള്ളങ്ങൾ ഉപയോഗിച്ച് ഈ സീസണിൽ എങ്ങനെ സവാരി നടത്തും എന്ന ചിന്തയിൽ ആണ് കുട്ടവഞ്ചി തൊഴിലാളികളും.