പത്തനംതിട്ട : ആരോഗ്യവകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലം മാത്രമല്ല, ജന്മനാടും കൂടിയാണ് പത്തനംതിട്ട നഗരം. നഗരത്തിന്റെ ഇന്നത്തെ അവസ്ഥയില്‍ ജനപ്രതിനിധികളോട് പത്തനംതിട്ടക്കാര്‍ക്ക് പുച്ഛം തോന്നിയാല്‍ അതിന് കുറ്റം പറയാന്‍ പറ്റില്ല. ഇന്ന് ഏതാനും സമയം പെയ്ത മഴയില്‍ പത്തനംതിട്ട നഗരത്തിലെ പ്രധാന റോഡിലെ അവസ്ഥയാണ് ഇത്. ചെറിയ മഴക്കുപോലും തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിലെ അബാന്‍ ജംഗ്ഷനു സമീപം റോഡില്‍ വെള്ളം ഉയരും. ഇതേ അവസ്ഥയാണ് നഗരത്തിലെ മറ്റു പ്രദേശങ്ങളിലും പത്തനംതിട്ടയുടെ ഉപനഗരമെന്നു വിശേഷിപ്പിക്കുന്ന കുമ്പഴയിലും. കരാറുകാരനും കരാര്‍ കൊടുത്തവനും പുട്ടടിക്കാന്‍ പണിത ഓടകള്‍ ഇവിടെയെല്ലാം ഉണ്ട്. എന്നാല്‍ ഇതില്‍ക്കൂടിയൊന്നും വെള്ളം ഒഴുകില്ല. അതിനുള്ള സൗകര്യം ഈ ഓടകള്‍ക്കില്ല എന്നതാണ് ശരി. കരാര്‍ പണിയുടെ നിലവാരം പരിശോധിച്ച പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥന്റെ പള്ള വീര്‍ത്തതല്ലാതെ വെള്ളം ഒഴുകാന്‍ പണിത ഓടയുടെ പള്ള വീര്‍ത്തില്ല എന്നാണ് നഗരവാസികള്‍ പറയുന്നത്.
ഇന്നലെമുതല്‍ പത്തനംതിട്ടയില്‍ കാലവര്‍ഷം ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ യാതൊരു മുന്നൊരുക്കവും ഇതിനുവേണ്ടി നടത്തിയിട്ടില്ല. മീറ്റിങ്ങുകളും പത്രപ്രസ്താവനകളും കൊണ്ട് ജനത്തിന്റെ വയറുനിറക്കുകയാണ് വകുപ്പ് മേധാവികള്‍. പത്തനംതിട്ട നഗരസഭയും നിശബ്ദമാണ്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുവാന്‍ ഒരു നടപടിയും നഗരസഭ സ്വീകരിക്കുന്നില്ല. പരസ്പരം പഴിചാരി നഗരവാസികളെ വിഡ്ഢികളാക്കുന്നതില്‍ മത്സരിക്കുകയാണ് വീണേച്ചിയും ആന്റോ ചേട്ടനും നഗരസഭയും. ഇന്നലത്തെയും ഇന്നത്തെയും മഴയില്‍ നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം കയറി. ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവ വെള്ളത്തില്‍ മുങ്ങി. ഇടുങ്ങിയ ഓടയിലൂടെ പാഞ്ഞെത്തുന്ന മഴവെള്ളം റോഡ് നിറഞ്ഞ് കടകളിലേക്ക് ഇരച്ചെത്തുമ്പോള്‍ നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ പത്തനംതിട്ടയിലെ വ്യാപാരികള്‍ക്ക് കഴിയുന്നുള്ളൂ. പത്തനംതിട്ട നഗരസഭയുടെ ലൈസന്‍സ് പിഴിച്ചില്‍ ഒരുവശത്ത്, വിവിധ വകുപ്പുകളുടെ ലൈസന്‍സ് ഫീസ്, കേരളത്തിന്റെയും കേന്ദ്രത്തിന്റെയും എണ്ണിയാല്‍ ഒടുങ്ങാത്ത നികുതികള്‍, കൂടാതെ രസീത് കുറ്റിയും പിച്ചച്ചട്ടിയുമായി ഇറങ്ങുന്നവരെ പുഞ്ചിരിപ്പിക്കുകയും വേണം. ഇതൊക്കെ കൃത്യമായി ചെയ്താലും പത്തനംതിട്ടയില്‍ ഇങ്ങനെയൊക്കെയേ നടക്കൂ.