കോഴിക്കോട് : കുറ്റ്യാടി നിയമസഭ സീറ്റിലെ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രതിഷേധ സമരത്തില്‍ പങ്കെടുത്തവരും അല്ലാത്തവരുമായ കുറ്റ്യാടിയിലെ പ്രാദേശിക നേതാക്കളെ ഉള്‍പ്പെടെ പുറത്താക്കിയ സി.പി.എം നിലപാടിനെതിരെ അണികളില്‍ പ്രതിഷേധം പുകയുന്നു. കുറ്റ്യാടി, വടയം ലോക്കല്‍ കമ്മിറ്റികളിലെ 32 പേര്‍ക്കെതിരെയാണിപ്പോള്‍ പുറത്താക്കല്‍, തരംതാഴ്ത്തല്‍, താക്കീത് ഉള്‍പ്പെടെ നടപടിയെടുത്തത്. യു.ഡി.എഫില്‍നിന്ന് മണ്ഡലം തിരിച്ചുപിടിച്ചതിന് പ്രവര്‍ത്തകരെയും നേതാക്കളെയും അഭിനന്ദിക്കുന്നതിനു പകരം ശിക്ഷാ നിലപാട് സ്വീകരിച്ചതിലാണ് പ്രതിഷേധം.
നടപടിക്കിരയായവരില്‍ അധികം പേരുടെ പ്രദേശങ്ങളിലും മുന്നണിക്ക് മുന്‍പത്തേക്കാള്‍ വോട്ട് കിട്ടിയിട്ടുണ്ടത്രെ. അത് പരിഗണിക്കാതെ സ്ഥാനാര്‍ഥിയെ തോല്‍പിക്കാന്‍ ശ്രമിച്ചു എന്ന ‘വാസ്തവ വിരുദ്ധ’ ആരോപണം ഉയര്‍ത്തിയതിലും അണികള്‍ നിരാശയിലാണ്. മറ്റു പാര്‍ട്ടികളിലാണെങ്കില്‍ ജയിച്ച സ്ഥാനാര്‍ഥിക്ക് സ്ഥാനക്കയറ്റം കൊടുക്കുകയായിരുന്നു ഉണ്ടാവുക. എന്നാല്‍, ഇവിടെ അനുഭവം മറിച്ചാണെന്നും പറയുന്നു.
പാര്‍ട്ടി സ്ഥാനാര്‍ഥി തോറ്റിരുന്നെങ്കില്‍ ഇത്തരം അച്ചടക്ക നടപടികളൊന്നും ഉണ്ടാകുമായിരുന്നില്ലെന്നാണ് ചിലരുടെ അഭിപ്രായം. ഇനി ബ്രാഞ്ച് കമ്മിറ്റികള്‍ വിളിച്ചുചേര്‍ത്ത് ശിക്ഷാ നടപടികള്‍ തുടരുന്നതോടെ പരസ്യ പ്രതിഷേധമുണ്ടാകുമെന്നും നേതൃത്വത്തിലെ ചിലര്‍ ഭയപ്പെടുന്നു. 2016 ല്‍ സി.പി.എമ്മിലെ കെ.കെ ലതിക 1,157 വോട്ടിന് പരാജയപ്പെട്ട കുറ്റ്യാടി സീറ്റ് മുസ്ലിംലീഗിലെ പാറക്കല്‍ അബ്ദുല്ലയോട് 333 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ഇത്തവണ കെ.പി കുഞ്ഞമ്മദ് കുട്ടി പിടിച്ചെടുത്തത്.