റിയാദ് : കൊറോണ വൈറസുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തുന്നവർക്കെതിരെ താക്കീത് ചെയ്ത് വീണ്ടും സൗദി അധികൃതർ. അടിസ്ഥാന രഹിതമായ വാർത്തകളും ഊഹാപോഹങ്ങളും അതനുസരിച്ചുള്ള വീഡിയോ, ഓഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്ന് ചൊവ്വാഴ്ച റിയാദിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി താക്കീത് നൽകി.
രാജ്യത്തെ കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പുറപ്പെടുവിക്കുന്ന വിവരങ്ങളാണ് അവസാന വാക്ക്. മന്ത്രാലയത്തിന്‍റേതല്ലാത്ത ഓഡിയോ, വീഡിയോ ക്ലിപ്പുകളോ വാർത്തകളോ പ്രചരിപ്പിക്കരുത്. കൂട്ടംകൂടുന്ന സാഹചര്യങ്ങൾ പൂർണമായും രാജ്യവാസികൾ ഒഴിവാക്കണമെന്നും ഡോ. മുഹമ്മദ് അബ്ദുൽ അലി ആവശ്യപ്പെട്ടു.