കുവൈറ്റ്: നിര്‍ത്തിവെച്ചിരിക്കുന്ന എല്ലാ തരത്തിലുള്ള വിസകളും പുനരാരംഭിക്കാനൊരുങ്ങി കുവൈറ്റ്. പഴയ വ്യവസ്ഥ പുതുക്കിയാണ് പുതിയ രീതിയില്‍ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദര്‍ശനങ്ങള്‍ക്കുള്ള വിസകള്‍ കുവൈറ്റ് അനുവദിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രാലയം ആണ് ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്. ഫെബ്രുവരി എഴു മുതല്‍ വിവിധ റസിഡന്‍സ് അഫയേഴ്സ് ഡിപ്പാര്‍ട്‌മെന്റുകള്‍ ഇതിനായുള്ള അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങും. മെറ്റ പ്ലാറ്റ്ഫോം വഴി മുന്‍കൂട്ടി അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. കുവൈറ്റിലെ വാണിജ്യ, സാമ്പത്തിക, ടൂറിസം മേഖലയെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു തീരുമാനം കുവൈറ്റ് സ്വീകരിച്ചിരിക്കുന്നത്. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് ആണ് ഇതിന് വേണ്ടിയുള്ള നിര്‍ദേശം നല്‍കിയത്.
നിര്‍ത്തിവെച്ച കുടുംബ സന്ദര്‍ശന വിസയും ടൂറിസ്റ്റ് വിസയും വീണ്ടും കുവൈറ്റ് ആരംഭിക്കുന്നത് പ്രവാസികള്‍ക്ക് ഏറെ ഗുണകരമാകും. കഴിഞ്ഞ ആഴ്ച ആണ് കുടുംബവിസ ആരംഭിച്ചത്. മാതാവ്, പിതാവ്, ഭാര്യ, കുട്ടികള്‍ എന്നിവരെ രാജ്യത്തേക്ക് കൊണ്ടുവരാന്‍ സാധിക്കും. കുടുംബത്തെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് 400 ദിനാര്‍ പ്രതിമാസശമ്പളം വേണം. അതില്‍ കുറയാന്‍ പാടില്ല. രക്തബന്ധത്തില്‍ ഇല്ലാത്തവരെ രാജ്യത്തേക്ക് കൊണ്ടുവരുന്നുവെങ്കില്‍ 800 ദീനാറില്‍ കുറയാത്ത ശമ്പളം അപേക്ഷകന് വേണം. അല്ലാത്തവര്‍ക്ക് സാധിക്കില്ല. കൃത്യസമയത്ത് സന്ദര്‍ശകവിസയില്‍ എത്തിയവര്‍ രാജ്യം വിട്ടു പോകുമെന്ന് രേഖാമൂലമുള്ള സത്യവാങ്മൂലം നല്‍കും. ഇതില്‍ എന്തെങ്കിലും തരത്തിലുള്ള ലംഘനം വന്നാല്‍ സന്ദര്‍ശകനും സ്‌പോണ്‍സര്‍ക്കുമെതിരെ നിയമ നടപടി വരും.
രാജ്യത്തേക്ക് സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ ലഭിക്കില്ല. സ്വകാര്യ ആശുപത്രികളെയും ആരോഗ്യ കേന്ദ്രങ്ങളെയും ഇവര്‍ക്ക് ആശ്രയിക്കാന്‍ സാധിക്കും. ടൂറിസ്റ്റ് വിസകളും കുവൈറ്റില്‍ ആരംഭിച്ചിട്ടുണ്ട്. 53 രാജ്യങ്ങളില്‍നിന്നുള്ള ആളുകള്‍ക്ക് കുവൈറ്റിലേക്ക് ഇനി ടൂറിസ്റ്റ് വിസ എടുത്ത് വരാന്‍ സാധിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ കയറി വിസക്കായി അപേക്ഷിക്കാം. ജിസിസി വിസയുള്ള പ്രൊഫഷനുകള്‍ക്ക് നിബന്ധനകള്‍ക്ക് അനുസരിച്ചായിരിക്കു വിസ നല്‍കുക. കമ്പനിയുടെ പ്രവര്‍ത്തനത്തിനും ജോലിയുടെ സ്വഭാവത്തിനും അനുസരിച്ചുള്ള ബിരുദം ആവശ്യമാണ്. ടുറിസ്റ്റ് വിസകള്‍ കുവൈറ്റിന്റെ പ്രവേശന കവാടത്തില്‍ എത്തിയാല്‍ ലഭിക്കും.