കുവൈറ്റ് : കുവൈറ്റ് പാസാക്കുന്ന പുതിയ നിയമം എട്ട് ലക്ഷം ഇന്ത്യാക്കാരെ ബാധിക്കുമെന്ന് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ജനസംഖ്യയുടെ 15 ശതമാനത്തില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ രാജ്യത്ത് പാടില്ലെന്ന് ദേശീയ അസംബ്ലിയുടെ ലീഗല്‍, ലെജിസ്ലേറ്റീവ് കമ്മിറ്റി അംഗീകാരം നല്‍കിയ പ്രവാസി ക്വാട്ട ബില്ലിന്റെ കരട് രൂപത്തില്‍ പറയുന്നു.
കോവിഡ്-19 മഹാമാരി തുടങ്ങിയതിനുശേഷം പ്രവാസി വിരുദ്ധ പ്രചാരണവും വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നുള്ള ആവശ്യവും കുവൈറ്റില്‍ വര്‍ദ്ധിച്ചു വരികയാണ്.
ബില്ലിലെ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിനായി മറ്റൊരു കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്.
കുവൈറ്റിലെ ജനസംഖ്യയായ 43 ലക്ഷം പേരില്‍ 30 ലക്ഷം പേര്‍ പ്രവാസികളാണ്. രാജ്യത്ത് ഏറ്റവും കൂടുതലുള്ള വിദേശികള്‍ ഇന്ത്യാക്കാരാണ്. 14.5 ലക്ഷം പേര്‍ വരും.
ജനസംഖ്യയില്‍ പ്രവാസികളുടെ എണ്ണം 70 ശതമാനത്തില്‍ നിന്നും 30 ശതമാനമായി കുറയ്ക്കുമെന്ന് കഴിഞ്ഞ മാസം കുവൈറ്റ് പ്രധാനമന്ത്രി ഷെയ്ഖ് സബാ അല്‍ ഖാലിദ് അല്‍ സബാ പറഞ്ഞിരുന്നു.
കുവൈറ്റിലെ പ്രവാസികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഒരു ബില്ലിന്റെ കരട് രൂപം അസംബ്ലിയില്‍ സമര്‍പ്പിക്കുമെന്ന് സ്പീക്കര്‍ മര്‍ഖൗസ് അല്‍-ഗനീം കുവൈറ്റ് ടിവിയോട് പറഞ്ഞു.
പ്രവാസികളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കുകയും ക്രമേണ അവരുടെ എണ്ണം കുറച്ചു കൊണ്ടുവരാനുമാണ് ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത വര്‍ഷം 65 ശതമാനമായി കുറയ്ക്കും.
28,000 ഇന്ത്യാക്കാര്‍ കുവൈറ്റ് സര്‍ക്കാരില്‍ നഴ്‌സുമാരായും എണ്ണക്കമ്പനികളില്‍ എഞ്ചിനീയര്‍മാരായും കുറച്ച് പേര്‍ ശാസ്ത്രജ്ഞരായും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യന്‍ എംബസി പറയുന്നു. ഭൂരിപക്ഷം ഇന്ത്യാക്കാരും (5.23 ലക്ഷം) സ്വകാര്യ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് കൂടാതെ, 1.16 ലക്ഷം പേര്‍ മറ്റുള്ളവരെ ആശ്രയിച്ചും കഴിയുന്നു. അതില്‍ 23 ഇന്ത്യന്‍ സ്‌കൂളുകളിലായി പഠിക്കുന്ന 60,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ്.
ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ നാണ്യം വരുന്ന രാജ്യങ്ങളിലൊന്ന് കുവൈറ്റാണ്. 2018-ല്‍ 4.8 ബില്ല്യണ്‍ യുഎസ് ഡോളര്‍ കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കെത്തി.
കുവൈറ്റില്‍ കൊറോണവൈറസ് ബാധിച്ചവരില്‍ ഭൂരിപക്ഷം പേരും വിദേശികളാണ്. ധാരാളം പേര്‍ ഒരു വീട്ടില്‍ കഴിയുന്ന സാഹചര്യമുള്ള പ്രവാസികള്‍ക്കിടയില്‍ നിന്നുമാണ് രോഗികള്‍ കൂടുതലായി വരുന്നത്. ഇതുവരെ 50,000-ത്തോളം കേസുകളാണ് കുവൈറ്റില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പറയുന്നു.