തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി മാധ്യമപ്രവര്‍ത്തകരുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ച്. കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ സമരം ചെയ്യേണ്ടിവരുന്ന സാഹചര്യം സര്‍ക്കാര്‍ ഒഴിവാക്കേണ്ടിയിരുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കേരളത്തില്‍ നടക്കുന്നത് അപ്രഖ്യാപിത സെന്‍സര്‍ഷിപ്പാണ്. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരിലും ന്യൂസ് അവറില്‍ ചര്‍ച്ച നടത്തിയതിന്റെ പേരിലും കേസെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കള്ളക്കേസുകള്‍ പിന്‍വലിക്കുക, സെക്രട്ടേറിയറ്റ് പ്രവേശനം പുനസ്ഥാപിക്കുക, നിയമസഭയിലെ ക്യാമറ വിലക്ക് നീക്കുക, പെന്‍ഷന്‍ വര്‍ദ്ധന നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെയുഡബ്ലിയുജെ മാര്‍ച്ച് സംഘടിപ്പിച്ചത്. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപത്ത് നിന്ന് ആരംഭിച്ച് സെക്രട്ടേറിയറ്റിലേക്കായിരുന്നു പ്രതിഷേധ പ്രകടനം.