ധാക്ക: ബംഗ്ലാദേശിൽ തൊഴിൽ സംവരണത്തിനെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച ദേശീയ പ്രക്ഷോഭം രൂക്ഷമാകുന്നു. ഏറ്റുമുട്ടലുകളിൽ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി. ഇന്നലെ മാത്രം 25 പേർ കൊല്ലപ്പെട്ടു. 500ലേറെ പേർക്ക് പരിക്കേറ്റു. നൂറുകണക്കിന് വാഹനങ്ങളും സ്ഥാപനങ്ങളും തകർക്കപ്പെട്ടു.1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ പങ്കെടുത്തവരുടെ കുടുംബത്തിൽപ്പെട്ടവർക്ക് സർക്കാർ ജോലിയിൽ ഏർപ്പെടുത്തിയിട്ടുള്ള 30 ശതമാനം സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രക്ഷോഭം. തൊഴിലില്ലായ്മ രൂക്ഷമായ രാജ്യത്ത് സംവരണം കൂടുതൽ ബാധിക്കുമെന്നും മെറ്റിറ്റ് അടിസ്ഥാനത്തിൽ നിയമനം നടത്തണമെന്നും യുവജന സംഘടനകൾ ആവശ്യപ്പെടുന്നു.കല്ലുകളും വടികളുമായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇന്നലെ തലസ്ഥാനമായ ധാക്കയിൽ പൊലീസുമായി ഏറ്റുമുട്ടി.
ദേശീയ ചാനലായ ബി.ടി.വിയുടെ ആസ്ഥാനത്തിനും പൊലീസ് സ്റ്റേഷനും പ്രക്ഷോഭകാരികൾ തീയിട്ടു. 60 ഓളം വാഹനങ്ങൾ കത്തിച്ചു. സംഭവത്തെത്തുടർന്ന് ധാക്കയിലുൾപ്പെടെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി റദ്ദാക്കി. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതക, റബർ ബുള്ളറ്റ് പ്രയോഗവുമുണ്ടായി. യൂണിവേഴ്സിറ്റികൾ അനിശ്ചിത കാലത്തേക്ക് അടച്ചു.പ്രതിഷേധക്കാർക്കെതിരെ ഭരണകക്ഷിയായ ആവാമി ലീഗിന്റെ യുവജന സംഘടനകൾ രംഗത്തുണ്ട്. ഇരുകൂട്ടരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളാണ് രാജ്യവ്യാപക പ്രക്ഷോഭത്തിലേക്ക് വഴിമാറിയത്. തുടർച്ചയായ നാലാം തവണയും അധികാരത്തിലെത്തിയ ഹസീന നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പ്രക്ഷോഭം.