ആലപ്പുഴ: ഭര്‍ത്താവിന്റെ മരണത്തിന് കാരണം സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന പരാതിയുമായി ഭാര്യ രംഗത്ത്. മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി, മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ എന്നിവര്‍ക്ക് പരാതി നല്‍കി. നൂറനാട് പണയില്‍ പള്ളിക്കല്‍ പുന്തിലേത്ത് സുദര്‍ശനന്റെ (64) മരണവുമായി ബന്ധപ്പെട്ടാണ് ഭാര്യ സുലഭ കുമാരിയാണ് പരാതി നല്‍കിയത് .
ശനിയാഴ്ച പുലര്‍ച്ചെ അഞ്ചിന് ശ്വാസതടസ്സവും നെഞ്ചുവേദനയും അനുഭപ്പെട്ടതിനെ തുടര്‍ന്ന് സുദര്‍ശനനെ നൂറനാട്ടുള്ള സ്വകാര്യാശുപത്രിയിലെത്തിച്ചു . ഡ്യൂട്ടി ഡോക്ടര്‍ പരിശോധിച്ച ശേഷം ഹൃദയസ്തംഭനമാണെന്നും വേഗം പരുമലയിലുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നിര്‍ദേശിച്ചു. എന്നാല്‍ അവിടെയെത്തിയതോടെ പരുമലയിലെ ആശുപത്രി അധികൃതര്‍ രോഗിയെ പരിശോധിക്കുവാനോ പ്രാഥമിക ശുശ്രൂഷ നല്‍കുവാനോ തയ്യാറായില്ല, പകരം കിടക്കയില്ലെന്ന കാരണം പറഞ്ഞ് മറ്റേതെങ്കിലും ആശുപത്രിയില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചതായും പരാതിയില്‍ പറയുന്നു.
ഇതിനെ തുടര്‍ന്ന് അദ്ദേഹത്തെ തിരുവല്ലയിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചു. അവിടെയും ഇതേ അനുഭവം തന്നെയാണ് ഉണ്ടായത്. പീന്നീട് തിരുവല്ലയിലുള്ള മറ്റൊരു സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അഞ്ച് മിനിട്ട് മുമ്പ് കൊണ്ടുവന്നിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞെന്നും ഭാര്യ ആരോപിച്ചു. അത്യാസന്ന നിലയിലുള്ള രോഗിയെ അഡ്മിറ്റ് ചെയ്യാനോ ആംബുലന്‍സില്‍ കയറി പരിശോധിക്കാനോ തയ്യാറാകാതിരുന്ന സ്വകാര്യ ആശുപത്രികളിലെ അനാസ്ഥ മൂലമാണ് ഭര്‍ത്താവിന്റെ ജീവന്‍ നഷ്ടമായത്. ഇതേ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ക്കെതിരെ നടപടികള്‍ ഉണ്ടാകണമെന്നും ഭാര്യ പരാതിയില്‍ ആവശ്യപ്പെട്ടു.