മട്ടാഞ്ചേരി : ലോഡ്ജ് ഉടമയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസില്‍ യുവതിയും സുഹൃത്തും പിടിയില്‍. മട്ടാഞ്ചേരി മംഗലത്ത് പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന റിന്‍സീന(29), ഫോര്‍ട്ട് കൊച്ചി സ്വദേശി ഷാജഹാന്‍(ഷാജി) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ മാസം 25നാണ് റിന്‍സീന ഫോര്‍ട്ട് കൊച്ചിയിലെ ലോഡ്ജില്‍ മുറിയെടുത്തത്. ലോഡ്ജില്‍ നിന്ന് ശീതളപാനീയം കുടിച്ചതിനെ തുടര്‍ന്ന് അസുഖം ബാധിച്ചെന്ന് പറഞ്ഞ ഇവര്‍ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റായി. ശേഷം ഇവര്‍ ഇക്കാര്യം ലോഡ്ജ് ഉടമയെ അറിയിച്ചു. വിവരമറിഞ്ഞ ലോഡ്ജ് ഉടമയും സുഹൃത്തും ഉടന്‍ തന്നെ ആശുപത്രിയിലെത്തി. ഇരുവരെയും കണ്ടയുടനെ യുവതിയും ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷാജഹാനും ചേര്‍ന്ന് ഇവരെ ആശുപത്രി മുറിയില്‍ പൂട്ടിയിട്ടു. ശേഷം മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ലോഡ്ജ് ഉടമ ശീതളപാനീയത്തില്‍ ഏതോ വസ്തു കലര്‍ത്തി നല്‍കിയെന്നു പറഞ്ഞായിരുന്നു ഭീഷണി. തുടര്‍ന്ന് ലോഡ്ജ് ഉടമയില്‍ നിന്നും 11,000രൂപയും രേഖകളും തട്ടിയെടുത്തു.
യുവതി ലോഡ്ജില്‍ വെച്ച് ഉടമയെ അശ്ലീലക്കെണിയില്‍ വീഴ്ത്താന്‍ ശ്രമിച്ചെന്നും ഇതിനായി ഇയാള്‍ക്ക് മൊബൈലില്‍ സന്ദേശങ്ങള്‍ അയച്ചെങ്കിലും ലോഡ്ജ് ഉടമ ഇതില്‍ വീണില്ലെന്നും പോലീസ് പറഞ്ഞു. ഒടുവിലാണ് ശാരീരികാസ്വസ്ഥതകള്‍ അഭിനയിച്ച് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രി മുറിയില്‍ വെച്ച് യുവതിയും സുഹൃത്തും ചേര്‍ന്ന് ഇയാളുടെ വിവിധ തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളും പകര്‍ത്തി. സംഭവം പുറത്തറിഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ ലോഡ്ജ് ഉടമ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനു മുമ്പ് എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചും സമാന രീതിയിലുള്ള തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. മട്ടാഞ്ചേരി ഇന്‍സ്പെക്ടര്‍ പികെ സാബു, സബ് ഇന്‍സ്പെക്ടര്‍മാരായ ഒജെ ജോര്‍ജ്, മധുസൂദനന്‍, പൊലീസ് ഉദ്യോഗസ്ഥരായ ബിജു, എഡ്വിന്‍ റോസ്, കെഎ അനീഷ്, എടി കര്‍മിലി എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.