കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടമായ യുവതി കായലില്‍ ചാടി ആത്മഹത്യ ചെയ്തു. കൊവിഡ് ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൊച്ചി ഗോശ്രീ പാലത്തില്‍ തൂങ്ങി മരിച്ച ആളുടെ മൃതദേഹം അഴിച്ചെടുക്കുന്നതിനിടയിലാണ് ഇവര്‍ കായലിലേക്ക് ചാടിയത്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ജോലി നഷ്ടമായതിന്റെ മനോവിഷമമാണ് ആത്മഹത്യയ്ക്കു പിന്നിലെന്നാണ് സൂചന. ഗോശ്രീ രണ്ടാം പാലത്തിന്റെ മുകളില്‍ നിന്ന് കായലിലേക്കു ചാടിയ പള്ളിപ്പുറം സ്വദേശി ബ്രിയോണയെ (26) ആശുപത്രിയിലേക്കു കൊണ്ടു പോകുന്ന വഴിതന്നെ മരിച്ചിരുന്നു. വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്.
കോവിഡ് ബാധിതയായതിനെ തുടര്‍ന്നു മുളവുകാട് ബോള്‍ഗാട്ടി സ്വദേശി വിജയന്‍ കഴിഞ്ഞദിവസം പാലത്തില്‍ കെട്ടിതൂങ്ങി മരിച്ചിരുന്നു. ഈ മൃതദേഹം അഴിച്ചെടുക്കാന്‍ പോലീസ് ശ്രമിക്കുന്നതിനിടെയാണ് പാലത്തിലൂടെ നടന്നു വന്ന ബ്രിയോണ കായലിലേക്ക് ചാടിയത്. ഇതു കണ്ട അജിത്കുമാര്‍ എന്നയാള്‍ പുറകെ ചാടി ബ്രിയോണയെ കരയ്ക്കുകയറ്റിയെങ്കിലും ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിക്കുകയായിരുന്നു.
ബ്രയോണ എറണാകുളത്ത് സോഫ്റ്റ് വെയര്‍ കമ്പിനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇവിടുത്തെ ജോലി നഷ്ടമായിരുന്നു. തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ ജോലിയ്ക്കായി ശ്രമിച്ചെങ്കിലും നടന്നില്ല. കഴിഞ്ഞ ദിവസം ഒരു അഭിമുഖം ഉണ്ടെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. ബ്രയോണയുടെ ആത്മഹത്യക്കു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോയെന്നും പോലീസ് അന്വേഷിച്ചു വരികയാണ്.