ഇടുക്കി : കട്ടപ്പന മാട്ടുക്കട്ടയില്‍ യുവതിയായ വീട്ടമ്മ തൂങ്ങി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അയ്യപ്പന്‍ കോവില്‍ മാട്ടുക്കട്ട അറഞ്ഞനാല്‍ അമല്‍ ബാബു (27) വിനെയാണ് പീരുമേട് ഡി.വൈ.എസ്.പി.കെ.ലാല്‍ജി, ഉപ്പുതറ സി.ഐ.ആര്‍. മധു എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് 28ന് രാവിലെ ആറു മണിയോടെ അമലിന്റെ ഭാര്യ ധന്യയെ (21) മുറിയിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ധന്യയുടെ മരണത്തില്‍ അന്നു തന്നെ ബന്ധുക്കളും അയല്‍വാസികളും സംശയം പ്രകടിപ്പിക്കുകയും ധന്യയുടെ അച്ഛന്‍ ജയപ്രകാശ് രേഖാ മൂലം പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്തു. പോലീസ് നടത്തിയ അന്വേഷണത്തില്‍ ധന്യക്ക് മാനസിക, ശാരീരിക പീഢനം ഉണ്ടായിട്ടുണ്ടെന്നു കണ്ടെത്തി. തുടര്‍ന്ന് ഗാര്‍ഹിക പീഢന കുറ്റം ചുമത്തി ഭര്‍ത്താവ് അമലിനെ ബുധനാഴ്ച രാവിലെ അറസ്റ്റു ചെയ്തു പീരുമേട് കോടതിയില്‍ ഹാജരാക്കി.