ഭോപ്പാല്‍: ബലാത്സംഗത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം
മുറിച്ചുമാറ്റി യുവതി. മധ്യപ്രദേശിലെ സിദ്ധി ജില്ലയിലാണ് സംഭവം. രാത്രി 11 മണിയോടെ ഭര്‍ത്താവ് പുറത്തുപോയ സമയത്ത് കടന്നുവന്ന പ്രതി, യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കള്ളന്‍ കയറിയതെന്നാണ് ആദ്യം കരുതിയത്. കൂടെയുണ്ടായിരുന്ന പതിമൂന്ന് വയസുകാരന്‍ വീടിന് പുറത്തേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു.
എന്നാല്‍ പ്രതി, യുവതിയെ കടന്നുപിടിക്കുകയും പീഡനശ്രമം നടത്തുകയും ചെയ്തു. 20 മിനിറ്റ് നേരം സ്ത്രീ ചെറുത്തുനിന്നുവെന്നാണ് പോലീസ് എഫ്.ഐ.ആറില്‍ പറയുന്നത്.എന്നാല്‍ പിന്മാറാന്‍ ഇയാള്‍ തയ്യാറായില്ല. ഇതോടെ, ഒരു കത്തി ഉപയോഗിച്ച് പ്രതിയുടെ ലിംഗം സ്ത്രീ മുറിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് രാത്രി 1.30 ഓടെ പോലീസ് സ്റ്റേഷനിലെത്തിയ സ്ത്രീ പരാതി നല്‍കുകയും ചെയ്തു.
പോലീസെത്തിയാണ് പ്രതിയെ ആശുപത്രിയിലാക്കിയത്. സംഭവത്തില്‍ ബലാത്സംഗ ശ്രമം, വീട്ടിലേക്ക് അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചാര്‍ത്തി കേസെടുത്തിട്ടുണ്ട്. പ്രതിയും യുവതിക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.