ന്യൂഡൽഹി : ലഖിംപുർ ഖേരി വിഷയത്തിൽ ഉത്തർപ്രദേശ് സർക്കാരിനെതിരെയുള്ള സുപ്രീം കോടതിയുടെ വിമർശനം, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ താഴെയിറക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള അവസരമാകുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. യോഗി ഇപ്പോൾ ധർമസങ്കടത്തിലാണ്. ഒന്നുകിൽ മുഖ്യമന്ത്രി പദം അല്ലെങ്കിൽ അമിത് ഷായുടെ ജൂനിയർ മന്ത്രിയുടെ മകൻ എന്നതാണ് യോഗിക്കു മുൻപിലുള്ള വഴിയെന്നും സ്വാമി ട്വീറ്റു ചെയ്തു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ് ലഖിംപുർ ഖേരി കർഷക കൊലക്കേസിലെ മുഖ്യപ്രതി. അജയ് മിശ്ര രാജിവെയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യമുയർത്തുന്നതിനിടെയാണ് രണ്ടു തവണയായി സുപ്രീം കോടതി യുപി സർക്കാരിനെ വിമർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും സർക്കാരിനുമെതിരെ ഇടയ്ക്കിടെ വിമർശനമുയർത്തുന്ന സുബ്രഹ്മണ്യൻ സ്വാമിയെ കഴിഞ്ഞയാഴ്ച ബിജെപി ദേശീയ നിർവാഹക സമിതിയിൽനിന്ന് മാറ്റിയിരുന്നു.