പത്തനംതിട്ട : വിപണി വിലയിൽ ഉടക്കി ഭൂഉടമകൾ രംഗത്തെത്തിയതോടെ പത്തനംതിട്ട ജില്ല കോടതി സമുച്ചയ നിർമാണത്തിനുള്ള ഭൂമി ഏറ്റെടുക്കൽ അനിശ്ചിതത്വത്തിലായി. നിലവിലെ വിപണി വില നൽകാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിൽ ഭൂമി വിട്ടുകൊടുക്കാൻ തങ്ങൾ തയ്യാറല്ലെന്ന് ഭൂഉടമകൾ വ്യക്തമാക്കി. ഇതോടെ 15 വർഷമായി തുടർന്നുവരുന്ന ജില്ല കോടതിയുടെ സ്ഥലം ഏറ്റെടുക്കൽ നീക്കങ്ങൾ കൂടുതൽ പ്രതിസന്ധിയിലായി. നഗരത്തിന്റെ ഹൃദയഭാഗത്ത് മേലേ വെട്ടിപ്പുറം റിങ് റോഡിന് സമീപമാണ് കോടതി സമുച്ചയ നിർമാണത്തിനായി ആറേക്കർ ഭൂമി കണ്ടെത്തിയിട്ടുള്ളത്. 27 ഉടമകളുടെ പേരിലുള്ള ഈ സ്ഥലം 2011 മുതൽ ഏറ്റെടുക്കാൻ നടപടി ആരംഭിച്ചിരുന്നു. 2012 ഏപ്രിലിൽ ഭൂമി നികത്തി ഏറ്റെടുക്കാൻ കാർഷിക വകുപ്പ് അനുമതി നൽകി. എന്നാൽ തുടർ നടപടി വൈകി. 2016ൽ ഭൂമി ഒത്തുതീർപ്പിലൂടെ ഏറ്റെടുക്കാൻ സർക്കാർ നടപടി തുടങ്ങി. കലക്ടർ ഭൂഉടമകളുമായി ചർച്ച നടത്തിയെങ്കിലും വിലയുടെ കാര്യത്തിൽ ധാരണയായില്ല. 2016ൽ സെന്റിന് 18 ലക്ഷം വരെ വിപണി വിലയുള്ള ഭൂമിക്ക് അന്ന് സർക്കാർ നിശ്ചയിച്ച വില നഷ്ടപരിഹാരം ഉൾപ്പെടെ സെന്റിന് 4.85 ലക്ഷം മാത്രം. ആ സമയം സമീപമുള്ള ഭൂമികൾ ശരാശരി 18 ലക്ഷം രൂപക്കാണ് വിറ്റുപോയതെന്ന് ഭൂഉടമകൾ തെളിവ് സഹിതം വ്യക്തമാക്കുന്നു. ഭൂമി ഏതുവിധേനയും കുറഞ്ഞ വിലക്ക് സ്വന്തമാക്കാനുള്ള നീക്കവുമായി കളക്ടർ മുന്നോട്ടുപോയെങ്കിലും നടപടിക്ക് വേഗതയില്ലായിരുന്നു. അങ്ങനെ മൂന്നുവർഷം കഴിഞ്ഞു. ഈ സമയം ഒന്നുകിൽ ഭൂമി ഏറ്റെടുക്കുക അല്ലെങ്കിൽ തങ്ങളെ ഒഴിവാക്കുക എന്നാവശ്യപ്പെട്ട് ഭൂഉടമകൾ ഹൈക്കോടതിയെ സമീപിച്ചു.
മാർക്കറ്റ് വില കണ്ടെത്തി ഭൂമി ഏറ്റെടുക്കാനായിരുന്നു ഹൈക്കോടതി വിധി. എന്നാൽ മാർക്കറ്റ് വിലയെ പൂർണമായും അവഗണിച്ചുകൊണ്ട് ഒരു ആറിന് (2.47 സെൻറ്) കേവലം 3.86 ലക്ഷം രൂപ മാത്രം നൽകാനുള്ള നീക്കമാണ് അധികൃതർ നടത്തുന്നതെന്ന് ഭൂഉടമകൾ ആരോപിക്കുന്നു. നിലവിൽ 15-20 ലക്ഷം രൂപയാണ് മാർക്കറ്റ് വില. വഞ്ചനാപരമായ നീക്കമാണ് ഇതിനു പിന്നിൽ. മുമ്പ് വിപണി വില പരിഗണിക്കാതെ ഭൂമി ഏറ്റെടുക്കാൻ നടത്തിയ നീക്കത്തിനെതിരെ ഉടമകൾ ഹൈക്കോടതിയെ സമീപിച്ച് നിരോധന ഉത്തരവ് വാങ്ങിയിരുന്നു. എന്നാൽ ഇത് നിലനിൽക്കെ പ്രത്യേക താത്പര്യപ്രകാരം സ്വമേധയ കേസ് എടുത്ത് അവാർഡ് പാസാക്കാനാണ് ചില ന്യായാധിപന്മാർ ശ്രമിച്ചതെന്ന ആരോപണം ഭൂഉടമകൾ ഉന്നയിക്കുന്നു. കൂടുതൽ വില രേഖപ്പെടുത്തിയ ആധാരങ്ങൾ കൂടി പരിഗണിച്ച് ന്യായമായ വിപണി വില നിശ്ചയിക്കണമെന്ന ആവശ്യവുമായി ഉടമകൾ ഇപ്പോൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ ഹരജി പരിഗണിക്കുന്നത് നേരത്തെ സ്വമേധയാ കേസെടുത്ത ന്യായാധിപൻമാർ തന്നെയാകുമോ എന്ന ആശങ്കയിലാണ് ഭൂഉടമകൾ.