കോന്നി : അരുവാപ്പുലം – ഐരവൺ കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ പാലത്തിന്റെ അപ്രോച്ച് റോഡിന്റെ സ്ഥലം ഏറ്റെടുപ്പ് പൂർത്തിയാകാതെ വന്നതോടെ അരുവാപ്പുലം – ഐരവൺ പാലം നിർമ്മാണം പ്രതിസന്ധിയിൽ. 12.25 കോടി രൂപ ചിലവിൽ പൊതുമരാമത്ത് പാലം വിഭാഗത്തിന്റെ നേതൃത്വത്തിൽ ആണ് അരുവാപ്പുലം ഐരവൺ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 18 മാസമായിരുന്നു പാലത്തിന്റെ നിർമ്മാണ കാലാവധി. എന്നാൽ ഏഴ് മാസം മാത്രമാണ് പാലം നിർമ്മാണം വേഗതയിൽ നടന്നത്. കരാറുകാരന് പണം ലഭിക്കാതെ വന്നതും ഭൂമി ഏറ്റെടുപ്പ് നടപടികൾ പൂർത്തിയാകാതെ വന്നതും പാലം നിർമ്മാണപ്രവർത്തങ്ങൾക്ക് തടസമായി. മൂന്ന് കോടിയോളം രൂപയാണ് നിർമാണം ഏറ്റെടുത്ത കരാറുകാരന് ലഭിക്കുവാനുള്ളത്. അപ്രോച്ച് റോഡ് നിർമ്മിക്കുന്നതിനായി അരുവാപ്പുലം, ആറ്റുവശം ഭാഗങ്ങളിൽ സ്വകാര്യ ഭൂമി ഉടമകൾക്ക് 4 വർഷം മുൻപ് അഡ്വാൻസ് തുക നൽകിയെങ്കിലും ബാക്കി തുക നൽകി ഭൂമി ഏറ്റെടുത്ത് അപ്രോച്ച് റോഡ് നിർമ്മിക്കുവാനും കഴിയാതെ വന്നതോടെ പാലം നിർമ്മാണവും തടസപ്പെട്ടു.
നിലവിൽ പാലത്തിന്റെ അരുവാപ്പുലം കരയിലെ തൂണുകളിൽ കോൺക്രീറ്റ് സ്‌ലാബുകൾ സ്ഥാപിച്ചിട്ടുണ്ട്. പാലത്തിന്റെ മുഴുവൻ തൂണുകളും പൂർത്തിയായിട്ടുണ്ട്. പാലത്തിനു ആകെ 183.7 മീറ്റർ നീളവും ഇരുവശത്തും 1.5 മീറ്റർ വീതിയുള്ള നടപ്പാതയോടും കൂടി ആകെ 11 മീറ്റർ വീതിയുമാണുള്ളത്. പാലത്തിന് നദിക്കു കുറുകെ 3 സപാനുകളും ഇരുകരകളിലുമായി 6 ലാൻഡ് സപാനുകളുമാണുള്ളത്. ഇവയിൽ 1 ലാൻഡ് സപാൻ ഐരവൺ ഭാഗത്തും 5 ലാൻഡ് സപാനുകൾ അരുവാപ്പുലം ഭാഗത്തുമാണുള്ളത്. നദിക്ക് കുറുകേയുള്ള സ്പാനുകൾക്ക് പോസ്റ്റ് ടെൻഷൻഡ് P S C ഗിർഡർ രൂപകൽപ്പനയും ലാൻഡ് സ്പാനുകൾക്ക് RCC സ്ലാബ് ഇന്റഗ്രേറ്റെഡ് വിത്ത് സബ്സ്ട്രക്ചർ രൂപകൽപ്പനയുമാണ് സ്വീകരിച്ചിരിക്കുന്നത്. ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബി. എം. & ബി. സി. ഉപരിതല നിർമ്മാണവും ആവശ്യമുള്ള ഭാഗങ്ങളിൽ സംരക്ഷണഭിത്തിയും ഉൾപ്പെടുത്തിയാണ് പാലത്തിനുള്ള സമീപനപാത വിഭാവനം ചെയ്തിട്ടുള്ളത്. എന്നാൽ കരാറുകാരന് ലഭിക്കുവാനുള്ള തുക ലഭിക്കാതെ വന്നതോടെയും അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കാതെയും വന്നതോടെ പാലം നിർമ്മാണം പൂർണ്ണമായി പ്രതിസന്ധിയിലായ സ്ഥിതിയാണുള്ളത്.