മാന്നാർ : ചെങ്ങന്നൂർ താലൂക്കിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ ബുധനൂർ, മാന്നാർ പഞ്ചായത്തുകളിലും മാവേലിക്കര താലൂക്കിൽപ്പെട്ട ചെന്നിത്തല പഞ്ചായത്തിലും നിലംനികത്തൽ വ്യാപകമാകുന്നു. മാന്നാറിൽ പമ്പാനദി കൈയേറ്റവും വ്യാപകമായിട്ടുണ്ട്. ബുധനൂർ കിഴക്ക് സെയ്‌ന്റ് ഏലിയാസ് പള്ളിക്കു സമീപം ഒരേക്കറോളം വരുന്ന കൃഷിനിലം രണ്ടു ദിവസമായി നികത്തിക്കൊണ്ടിരിക്കുകയാണ്. രാത്രിയുടെ മറവിൽ നിരവധി ലോറികളിലാണ് ഇവിടേക്ക് മണ്ണടിച്ചുകൊണ്ടിരിക്കുന്നത്. 60 സെന്റിലേറെ നിലം ഒരു രാത്രികൊണ്ട് നികത്തിക്കഴിഞ്ഞതായി നാട്ടുകാർ പറയുന്നു. ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയും ഭരണകക്ഷിയിൽപ്പെട്ട ചിലരുടെ ഒത്താശയോടെയുമാണ് നിലംനികത്തൽ തകൃതിയായി നടക്കുന്നതെന്ന് ആരോപണമുയർന്നു.
ഒന്നാം വാർഡിൽ വള്ളക്കാലി കുരിശടിക്കു തെക്ക് അരക്കിലോമീറ്റർ മാറി ഒന്നരയേക്കറോളം വരുന്ന വിരുപ്പുനിലം ഘട്ടംഘട്ടമായി തൈക്കൂനയെടുത്ത് നികത്തിവരുകയാണ്. ഇതിനെതിരേ കർഷകത്തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ വില്ലേജിലും താലൂക്കിലും പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സ്റ്റോപ്പ് മെമ്മോ നൽകിയിട്ടും മണ്ണിറക്കി നികത്തൽ തുടരുകയാണ്. മാന്നാർ പാവുക്കര ഭാഗത്ത് പമ്പാനദി കൈയേറ്റവും വ്യാപകമായിട്ടുണ്ട്. നദിയിലേക്കു മണ്ണടിച്ച് തീരത്തുള്ള സ്ഥലത്തിന്റെ വിസ്തൃതി കൂട്ടിയെടുക്കുകയാണ് കൈയേറ്റക്കാർ ചെയ്യുന്നത്. ചെന്നിത്തലയിലും വിരുപ്പുനിലങ്ങൾ നികത്തുന്നുണ്ട്. കഴിഞ്ഞദിവസം ഇരമത്തൂർ ബഥേൽ ഐപിസി ഹാളിനു സമീപം നികത്താനായി മണ്ണുമായി വന്ന നാലു ടോറസ് ലോറികളും രണ്ടു ജെസിബിയും പോലീസ് പിടിച്ചെടുത്തിരുന്നു. ചെന്നിത്തല പഞ്ചായത്തിന്റെ ഒന്ന്, രണ്ട്, നാല്, 15 വാർഡുകളിലും നിലംനികത്തൽ നടക്കുന്നുണ്ട്.