കോട്ടയം : ആധാരങ്ങള്‍ ഏത് സബ് രജിസ്ട്രാര്‍ ഓഫീസിലും രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്ന ‘എനിവെയര്‍’ സംവിധാനം എത്തിയതോടെ ‘സ്വന്തം ഓഫീസിനെ’ കൈവിട്ടത് 11,220 പേര്. സംസ്ഥാനത്ത് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ഇതുവരെയാണ് ഇത്രയുംപേര്‍ പുതിയ സംവിധാനം പ്രയോജനപ്പെടുത്തി ഭൂഇടപാടുകള്‍ നടത്തിയത്. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ പേര് സ്വന്തം പരിധിയിലെ രജിസ്ട്രേഷന് ഓഫീസിനെ കൈവിട്ടത് -2013 ആധാരങ്ങളാണ് ഇവിടെ മറ്റിടങ്ങളില്‍ നടത്തിയത്. മലപ്പുറമാണ് രണ്ടാമത് -1893 പേര്.
ആധാരത്തിലെ വസ്തു ഉള്‍പ്പെടുന്ന ഓഫീസ് പരിധിയില്‍ മാത്രമേ നേരത്തേ രജിസ്ട്രേഷന് അനുവദിച്ചിരുന്നുള്ളൂ. ഇത് മാറ്റിയാണ് ഭൂമിയുള്ള ജില്ലയിലെ ഏത് രജിസ്ട്രാര്‍ ഓഫീസിലും ആധാരമെഴുത്ത് പൂര്‍ത്തിയാക്കാന്‍ കഴിയുന്ന ‘എനിവെയര്‍’ സംവിധാനത്തിന് തുടക്കമിട്ടത്. സര്‍ക്കാര്‍ പ്രത്യേക ഉത്തരവും പുറപ്പെടുവിച്ചിരുന്നു. അഴിമതിക്ക് തടയിടാനും ലക്ഷ്യമിട്ടായിരുന്നു പുതിയ സംവിധാനം. കോവിഡ് കാലത്ത് വിവിധ ഓഫീസ് പരിധികള്‍ കണ്ടെയ്ന്മെന്റ് സോണുകളായപ്പോള് നിരവധിപേര്‍ ഇത് പ്രയോജനപ്പെടുത്തിയിരുന്നു. നിയന്ത്രണങ്ങള്‍ കഴിഞ്ഞിട്ടും ഇതിന് സ്വീകാര്യത കുറഞ്ഞിട്ടില്ലെന്ന് ഒരുവര്‍ഷത്തെ കണക്കുകള്‍ വ്യക്തമാക്കുന്നു.
നേരത്തെ ജില്ല രജിസ്ട്രാര്‍ക്ക് ഏത് സ്ഥലത്തെയും ആധാരം രജിസ്റ്റര്‍ ചെയ്യാനുള്ള അധികാരമുണ്ടായിരുന്നു. ‘എനിവെയര്‍’ എത്തിയതോടെ ഈ അധികാരം സംസ്ഥാനത്തെ 315 സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ക്കും കൈവന്നു. ചില രജിസ്ട്രാര്‍ ഓഫീസുകളില്‍ ഇടനിലക്കാര്‍ പിടിമുറുക്കുന്നതായും ആക്ഷേപമുണ്ടായിരുന്നു. ഇത്തരം ഓഫീസുകള്‍ ഉപേക്ഷിക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും. തിരക്കുള്ള ഓഫീസുകളില്‍നിന്ന് മറ്റിടങ്ങളിലേക്ക് മാറാന്‍ കഴിയുന്നതിനൊപ്പം നിശ്ചിത എണ്ണം ആധാരം കഴിഞ്ഞുള്ള ടോക്കണ്‍ തിരക്കില്ലാത്തിടത്തേക്ക് മാറ്റാനും ഇതിലൂടെ കഴിയും.താല്പര്യമുള്ള സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഭൂവുടമ നല്കുന്ന അപേക്ഷയില്‍ ഓണ്‍ലൈനായാണ് രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കുന്നത്. അപേക്ഷ ലഭിച്ചാല്‍ ഭൂമി സ്ഥിതിചെയ്യുന്ന സബ് രജിസ്ട്രാര്‍ ഓഫീസില്‍നിന്ന് വിവരങ്ങള്‍ തേടും. നെല്‍വയല്‍, തണ്ണീര്‍ത്തടം, പരിസ്ഥിതിലോല മേഖല എന്നിവയിലുള്‍പ്പെട്ട ഭൂമിയല്ലെന്ന് ഉറപ്പാക്കും.