തിരുവനന്തപുരം: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തില്‍ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 144 മൃതദേഹം കണ്ടെടുത്തു. ഇതില്‍ 79 പേര്‍ പുരുഷൻമാരും 64 സ്ത്രീ പേര്‍ സ്ത്രീകളുമാണ്. 191 പേരെ ഇനിയും കാണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നാട് ഇതുവരെ കാണാത്ത ദുരന്തമാണ് ഉണ്ടായത്. ദുരന്ത മേഖലയിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ ഊർജ്ജിത ശ്രമം തുടരുകയാണ്. ആദിവാസി കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്നു. രണ്ട് ദിവസമായി നടന്ന രക്ഷാപ്രവര്‍ത്തനത്തില്‍ 1592 പേരെ രണ്ട് ദിവസത്തിനകം രക്ഷപ്പെടുത്തിയെന്നും മന്ത്രിമന്ത്രി പറഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം പേരെ രക്ഷിക്കാനായത് ഏകോപിതവും അതിവിപുലവുമായ ദൗത്യത്തിന്‍റെ നേട്ടമാണ്. ആദ്യ ഘട്ടത്തില്‍ ദുരന്ത മുണ്ടായത്തിന്‍റെ സമീപസ്ഥലങ്ങളിലെ 68 കുടുംബങ്ങളിലെ 206 പേരെ മൂന്ന് ക്യാമ്പുകളിലേക്ക് മാറ്റി. ഇതില്‍ 75 പുരുഷന്മാര്‍ 88 സ്ത്രീകള്‍, 43 കുട്ടികള്‍ എന്നിവരാണ്. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ഒറ്റപ്പെട്ട് പോയവരും വീടുകളില്‍ കുടുങ്ങി പോയവരുമായ 1386 പേരെ തുടര്‍ന്നുള്ള രക്ഷാ ദൗത്യത്തിന്‍റെ ഫലമായി രക്ഷിച്ചു. ഇതില്‍ 528 പുരുഷന്മാര്‍, 559 സ്ത്രീകള്‍, 299 കുട്ടികള്‍ എന്നിവരെ ഏഴ് ക്യാമ്പുകളിലേക്ക് മാറ്റി. 201 പേരെ രക്ഷിച്ചു ആശുപത്രിയിലെത്തിക്കാനായി. ഇതില്‍ 90 പേരാണ് ഇപ്പോള്‍ ചികിത്സയിലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
82 ക്യാമ്പിലായി 8107 പേരാണുള്ളത്. അതില്‍ 19 പേര്‍ ഗര്‍ഭിണികളാണ്. മേപ്പാടിയില്‍ 8 ക്യാമ്പുകളാണ് ഉള്ളത്. മൊത്തം 421 കുടുംബങ്ങളിലായി 1486 പേര്‍ ഈ ക്യാമ്പുകളില്‍ ഇപ്പോള്‍ കഴിയുകയാണ്. നിലവില്‍ 1167 പേരുള്‍പ്പെടുന്ന സംഘത്തേയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുള്ളത്. അതില്‍ 10 സ്റ്റേഷന്‍ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സമീപ ജില്ലയില്‍ നിന്ന് ഉള്‍പ്പെടെയുള്ള 645 അഗ്നിസേനാംഗങ്ങളും 94 എന്‍.ഡി.ആര്‍ഫ് അംഗങ്ങളും 167 ഡി.എസ്.സി അംഗങ്ങളും എം.ഇ.ജിയില്‍ നിന്നുള്ള 153 പേരും ഉള്‍പ്പെടുന്നു. കോസ്റ്റ് ഗാര്‍ഡ് അംഗങ്ങളും ഇന്നലെ എത്തിച്ചേര്‍ന്നിട്ടുണ്ട്. റോഡ് തടസം ഒഴിവാക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പിണറായി വിജയന്‍ അറിയിച്ചു. തിരുവനന്തപുരത്ത് നിന്ന് 132 സേനാ അംഗങ്ങൾ കൂടി വയനാട്ടിലേക്കെത്തി. മണ്ണിൽ അടിയിലെ മനുഷ്യസാന്നിധ്യം കണ്ടെത്താന്‍ ശ്രമം നടത്തും. ഇതിനായി റിട്ടേഡ് മേജർ ജനറൽ ഇന്ദ്രബാലൻ്റെ സഹായം തേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
തടസ്സങ്ങള്‍ ഒഴിവാക്കുക
രക്ഷാപ്രവര്‍ത്തനം മുന്നോട്ട് കൊണ്ടു പോകുന്നതിനാവശ്യമായ ഉദ്യോഗസ്ഥ സംവിധാനങ്ങളും ഉപകരണങ്ങളും എത്തിക്കുന്നതിനുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക, താല്‍ക്കാലിക കയര്‍ പാലത്തിലൂടെ റെസ്ക്യൂ ടീമിനെ എത്തിക്കുക എന്നീ കാര്യങ്ങള്‍ക്ക് പ്രധാന പരിഗണനയാണ് നല്‍കുന്നത്. റോഡ് തടസ്സം ഒഴിവാക്കാന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ മുണ്ടക്കൈ ഭാഗത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ പരിഗണന നല്‍കുന്നത്. രണ്ടാമത് അട്ടമലയും മൂന്നാമത് ചൂരല്‍ മലയുമാണ്. ചികിത്സയും പരിചരണവും നല്‍കാന്‍ ആവശ്യമായ മെഡിക്കല്‍ ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കെ-9 ടീമിനെ നിയോഗിച്ചു. ഭക്ഷണവും കുടിവെള്ളവും എത്തിക്കാന്‍ നേവിയുടെ സഹായവും സ്വീകരിച്ചിട്ടുണ്ട്.
അഗ്നിരക്ഷ സേന, കേരള പോലീസ്, വിവിധ സേന വിഭാഗങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവ എല്ലാം ചേര്‍ന്ന് ഏകോപിതവും വേഗത്തിലുള്ളതുമായ രക്ഷാപ്രവര്‍ത്തനമാണ് നടക്കുന്നത്. ഇന്ന് തിരുവനന്തപുരത്തു നിന്നും 132 സേനാംഗങ്ങള്‍ കൂടി എത്തി. കണ്ണൂര്‍ (ഡി എസ് സി യില്‍ നിന്ന് 6 ഓഫിസര്‍മാരുടെ നേതൃത്വത്തില്‍ 67 സേനാംഗങ്ങളുണ്ട്. താല്‍ക്കാലികമായി ഒരാള്‍ക്ക് നടക്കാനുള്ള പാലം ചൊവ്വാഴ്ച സന്ധ്യയോടെ സജ്ജമായി. ഇത് രക്ഷാ പ്രവര്‍ത്തനത്തിന് വേഗം കൂട്ടി. പാലത്തിലൂടെ ആളുകളെ ചൂരല്‍മലയിലേക്കും അവിടെ നിന്ന് ആശുപത്രിയിലേക്കും എത്തിക്കുന്നു. വ്യോമസേന ഹെലികോപ്റ്റര്‍ ഉപയോഗിച്ചും കുരുങ്ങി കിടന്ന ആളുകളെ രക്ഷിച്ചു ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്.
മനുഷ്യന്‍റെ സാന്നിധ്യം കണ്ടെത്തുന്നതിന് ശ്രമം നടത്തും ഇന്‍റലിജന്‍റ് ബറീഡ് ഒബ്ജക്ട് ഡിറ്റക്ഷന്‍ സിസ്റ്റം ഉപയോഗിച്ച് മണ്ണിനടിയിലുള്ള മനുഷ്യന്‍റെ സാന്നിധ്യം കണ്ടെത്തുന്നതിന് ശ്രമിക്കും. ഇതിനായി റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രപാലന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ സഹായം തേടിയിട്ടുണ്ട്. എന്‍ഡിആര്‍എഫിന്‍റെ 3 ടീമുകളുണ്ട്. മദ്രാസ് റെജിമെന്‍റ്, ഡിഫെന്‍സ് സര്‍വീസ് കോപ്സ് എന്നിവര്‍ ഡിങ്കി ബോട്ട്സും വടവും ഉപയോഗിച്ച് രക്ഷപ്രവര്‍ത്തനം നടത്തുന്നു. ലോക്കല്‍ പോലീസിന്‍റെ 350 പേര്‍ സ്ഥലത്തുണ്ട്. കേരള പോലീസിന്‍റെ കഡാവര്‍ നായകള്‍, ഹൈ ആള്‍ട്ടിട്ടിയൂട് ടീം, സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് എന്നിവയും ഉണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് രണ്ട് ഹെലികോപ്റ്ററുകള്‍ എ.എല്‍.എച്ച്, എം ഐ-7 ഹെലികോപ്റ്ററുകള്‍ എന്നിവ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ചൂരല്‍മലയില്‍ താലൂക്ക് തല കണ്ട്രോള്‍ റൂം തുടങ്ങി. മന്ത്രിമാര്‍ നേരിട്ട് സ്ഥലത്ത് ക്യാമ്പ്ചെയ്തു പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നുണ്ട്. വനംവകുപ്പിന്‍റെ 55 അംഗങ്ങള്‍, ആരോഗ്യ വകുപ്പ്, റവന്യു, തദ്ദേശസ്വയംഭരണ വകുപ്പുകള്‍ എന്നിവ സര്‍വ്വസജ്ജമായി ചൂരല്‍മലയിലുണ്ട്.
മുണ്ടക്കൈ ചെറാട്ട് കുന്ന് കോളനിയില്‍ 32 പേരില്‍ 26 പേരെ കണ്ടെത്തി. ഇതില്‍ 24 പേരെ അട്ടമല ക്യാമ്പിലേക്ക് മാറ്റി. മേപ്പാടി പോളിടെക്നിക്കില്‍ താല്‍ക്കാലിക ആശുപത്രി സജ്ജമാക്കി. ചൂരല്‍മലയിലെ മദ്രസയിലും പള്ളിയിലും താല്‍ക്കാലിക ക്ലിനിക് തയാറാക്കി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ വേഗത്തിലാക്കാനും പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പോസ്റ്റ്മോര്‍ട്ടം നടത്താന്‍ കൂടുതല്‍ ഫോറന്‍സിക് സംഘങ്ങളെ നിയോഗിച്ചു. പോസ്റ്റ്മോര്‍ട്ടം ടേബിളുകളുടെ എണ്ണം കൂട്ടിയിട്ടുണ്ട്. ഇന്നലെ രാത്രിയിലും പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നു. രാവിലെ കിട്ടിയ മൃതദേഹങ്ങളും പോസ്റ്റ്മോര്‍ട്ടം നടത്തി. ഓരോ അര മണിക്കൂര്‍ ഇടവിട്ട് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കി വരുന്നു. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങള്‍ കണ്ടെത്താനെത്തുന്ന ബന്ധുക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായമൊരുക്കി. ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയില്‍ ജനിതക പരിശോധനയ്ക്കായി സാമ്പിളുകളെടുക്കുന്നുണ്ട്.
എല്ലാ ക്യാമ്പുകളിലും മാനസിക പിന്തുണ ഉറപ്പാക്കുന്നതിന് മാനസികാരോഗ്യ വിദഗ്ധരുടേയും കൗണ്‍സിലര്‍മാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്. വീടുകളില്‍ കഴിയുന്നവരെ നേരിട്ട് സന്ദര്‍ശിച്ച് മാനസിക പിന്തുണ ഉറപ്പാക്കും. ആരോഗ്യവകുപ്പ് ഡയറക്ടറേറ്റില്‍ ആരംഭിച്ച സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം 24 മണിക്കൂറാക്കി. കോഴിക്കോട്, കണ്ണൂര്‍, തൃശൂര്‍ മെഡിക്കല്‍ കോളേജുകളില്‍ നിന്നുള്ള ടീം വയനാട്ടിലേക്ക് എത്തി. സര്‍ജറി, ഓര്‍ത്തോപീടിക്സ്, കാര്‍ഡിയോളജി, സൈക്കാട്രി, ഫോറെന്‍സിക് വിഭാഗങ്ങളിലെ ഡോക്ടമാരെയും നഴ്സുമാരെയും അധികം നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സംഘത്തെയും നിയോഗിച്ചു.
അടിയന്തരമായി വൈദ്യസഹായം
രക്ഷപ്പെട്ട് വരുന്നവര്‍ക്ക് അടിയന്തരമായി വൈദ്യസഹായം ലഭ്യമാക്കാന്‍ ചൂരല്‍മലയിലെ കണ്‍ട്രോള്‍ റൂം കേന്ദ്രീകരിച്ച് ഓക്സിജന്‍ ആംബുലന്‍സ് ഉള്‍പ്പെടെ മെഡിക്കല്‍ പോയിന്‍റ് സൗകര്യമൊരുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവിടെ കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥനെ നിയമിക്കും. ആവശ്യത്തിന് ഡോക്ടര്‍മാരെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരെയും നിയോഗിക്കും. കോഴിക്കോട്, തലശ്ശേരി ഉള്‍പ്പെടെ നാല് സഹകരണ ആശുപത്രിയില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ സംഘം വരാന്‍ തയ്യാറായിരിക്കുകയാണ്. കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി പാലത്തിലൂടെ കൊണ്ടുവരുന്ന പോയിന്‍റില്‍ വെള്ളം വിതരണം ചെയ്യാന്‍ സജ്ജീകരണം ഏര്‍പ്പെടുത്തും. ഇവിടെയും ആരോഗ്യ ടീമിനെ നിയോഗിക്കും. ചൂരല്‍മലയില്‍ ജെസിബി നില്‍ക്കുന്ന സ്ഥലം മുതല്‍ കണ്‍ട്രോള്‍ റൂം വരെ ആവശ്യത്തിന് ലൈറ്റ് എത്തിക്കും.
ചൂരല്‍മല ടെലിഫോണ്‍ എക്സ്ചേഞ്ച് വരെയും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പാലം ഒലിച്ചുപോയ ചൂരല്‍മല ടൗണ്‍ വരെയും വൈദ്യുതി ശൃംഖല പുനര്‍നിര്‍മ്മിച്ച് വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടല്‍ കേന്ദ്രത്തില്‍ നിന്നും 4 കി. മീ വരെ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. കല്‍പ്പറ്റ ടൗണിലും പ്രധാന ആശുപത്രികളിലും ബാക്ക് ഫീഡിങ്ങിലൂടെ വൈദ്യുതി എത്തിച്ചു. ദുരന്തഭൂമിയോട് ചേര്‍ന്നുള്ള മേപ്പാടി ടൗണിലും മേപ്പാടി ഗവ. ആശുപത്രി, വിംസ് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും വൈദ്യുതി ലഭ്യത ഉറപ്പുവരുത്തി. പ്രാഥമിക വിവരം അനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയുടെ നഷ്ടമാണ് ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുമാത്രം കെഎസ്ഇബിയ്ക്ക് ഉണ്ടായത്. വൈദ്യുതി പുന:സ്ഥാപനത്തിന് ആവശ്യമായ എബിസി കേബിളുകളും ട്രാന്‍സ്ഫോമറുകളും അനുബന്ധ സാമഗ്രികളും ലഭ്യമാക്കിയിട്ടുണ്ട്. ആവശ്യം വേണ്ട തൊഴിലാളികളെയും ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടു പോയ മുണ്ടക്കൈയിലക്ക് ചൂരല്‍ മലയില്‍ നിന്നും താല്‍ക്കാലിക പാലം നിര്‍മിക്കുന്നതിനാവശ്യമായ സാധനങ്ങളുമായി വ്യോമസേനയുടെ പ്രത്യേക വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. വ്യോമസേനയുടെ രണ്ടാമത്തെ വിമാനമാണ് ഇന്ന് എത്തിയത്. മോട്ടോര്‍ വാഹന വകുപ്പിന്‍റെ നേതൃത്വത്തില്‍ 17 ട്രക്കുകളിലായി ഇവ ചൂരല്‍മലയിലെത്തിക്കും. ഇന്നലെ കണ്ണൂരിലെത്തിയ ആദ്യ വിമാനത്തില്‍ നിന്നും ഇറക്കിയ പാലം നിര്‍മാണ സാമഗ്രികള്‍ ഇന്നലെ രാത്രിയോടെ തന്നെ 20 ട്രക്കുകളിലായി ചൂരല്‍മലയിലെ ദുരന്ത മേഖലയില്‍ എത്തിച്ചിരുന്നു. പാലം നിര്‍മാണം പുരോഗമിക്കുകയാണ്. നാളത്തേക്ക് പാലം പൂർണ നിലയിൽ എത്തിക്കാനാകും എന്നാണ് ഇന്നത്തെ അവലോകനയോഗത്തിൽ അവർ പറഞ്ഞതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദുരന്ത സാഹചര്യത്തെ നേരിടാനുള്ള അടിയന്തിര നടപടികള്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. റിലീഫ് ക്യാമ്പുകളില്‍ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും പെട്രോള്‍, ഡീസല്‍ പമ്പുകളില്‍ ആവശ്യത്തിന് ഇന്ധന ലഭ്യത ഉറപ്പു വരുത്തുന്നതിനും ദുരന്ത മേഖലയില്‍ മണ്ണെണ്ണയുടെ ലഭ്യത ഉറപ്പാക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മൊബൈല്‍ ടവറുകള്‍, ജനറേറ്ററുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിന് ഉള്ള ഇന്ധനലഭ്യത ഉറപ്പുവരുത്താന്‍ ഓയില്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ദുരന്തബാധിത മേഖലയില്‍ പ്രവര്‍ത്തന യോഗ്യമല്ലാതായ റേഷന്‍ കടകള്‍ അടിയന്തിരമായി പുന:സ്ഥാപിക്കും. ദുരന്ത പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന മേപ്പാടി, കല്‍പ്പറ്റ സൂപ്പര്‍മാര്‍ക്കറ്റുകളിലും കല്‍പ്പറ്റ ഡിപ്പോയുടെ കീഴിലുള്ള 13 ഔട്ട് ലെറ്റുകളിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് സപ്ലൈകോ സി.എം.ഡിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.